
ചെന്നൈ: തമിഴ്നാട് ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന നടന് മന്‍സൂര്‍ അലി ഖാന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുഴഞ്ഞു വീണു. നടനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അടുത്തിടെ നടി തൃഷയ്ക്കെതിരേ വിവാദ പരാമര്‍ശം നടത്തിയ മന്‍സൂര്‍ അലിഖാന് വെല്ലൂരില്‍ പ്രചരണം നടത്തുന്നതിനിടയിലാണ് കുഴഞ്ഞുവീണത്.
ഉൾ ഗ്രാമങ്ങളിൽ പ്രചാരണം നടത്തുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട് മൻസൂർ അലിഖാൻ കുഴഞ്ഞു വീണെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ നടൻ ഡെമോക്രാറ്റിക് ടൈഗേഴ്സ് ഓഫ് ഇന്ത്യ എന്ന പേരിൽ പുതിയൊരു പാര്‍ട്ടി തുടങ്ങിയിരുന്നു. ഇതിന്റെ സ്ഥാനാര്‍ത്ഥിയായി വെല്ലൂർ ലോക്സഭാ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന ഖാന് ഇറച്ചി വെട്ടിയും പച്ചക്കറി വിറ്റുമൊക്കെ വ്യത്യസ്തമായി പ്രചാരണം നടത്തിയിരുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും നടന് മത്സരിച്ചിരുന്നെങ്കിലും പരാജയം നേരിട്ടിരുന്നു. ഇത്തവണ അണ്ണാ ഡിഎംകെക്കൊപ്പം മത്സരിക്കാൻ നീക്കം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്നാണ് സ്വതന്ത്രനായി മത്സരരംഗത്തിറങ്ങിയത്. ഏപ്രിൽ 19നാണ് തമിഴ്നാട്ടിൽ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുക. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു നടി തൃഷയെക്കുറിച്ച് മോശം പരാമര്‍ശം നടത്തി മന്‍സൂര്‍ അലിഖാന് വിവാദത്തിലായത്.
'ലിയോ' സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ സിനിമയിൽ തൃഷയ്ക്കൊപ്പം കിടപ്പറ രംഗങ്ങൾ പ്രതീക്ഷിച്ചിരുന്നു എന്നായിരുന്നു മൻസൂർ അലി ഖാന്റെ പരാമർശം. നടനൊപ്പം ഇനി ഒരിക്കലും സ്ക്രീൻ സ്പേസ് പങ്കിടില്ലെന്നായിരുന്നു ഇതിന് തൃഷയുടെ പ്രതികരണം.






