
കോഴിക്കോട് : അശ്ലീല പോസ്റ്റിനെതിരെ വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍ മന്ത്രിയുമായ കെ.കെ ശൈലജ നല്കിയ പരാതിയില്‍ പോലീസ് കേസെടുത്തു. കാലാപാഹ്വാനം നടത്തിയതടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശിയായ ഗള്‍ഫ് മലയാളി കെ എം മിന്‍ഹാജിനെ പ്രതിയാക്കിയാണ് മട്ടന്നൂര്‍ പൊലീസ് കേസ് എടുത്തത്.
മുസ്ലിം സമുദായത്തെ ആകെ അധിക്ഷേപിക്കുന്ന വിധത്തില്‍ ശൈലജയുടെ പേരില്‍ ഇയാള്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ചു, കലാപാഹ്വാനം, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്ഐആര്‍. ശൈലജയുടെ ചിത്രം മോര്‍ഫ് ചെയ്ത് മാനം ഇകഴ്ത്തി കാണിച്ചുവെന്നാണ് എഫ് ഐ ആറിലെ പരാമര്‍ശം. പത്ത് ദിവസം മുമ്പാണ് ശൈലജ പൊലീസില്‍ പരാതി നല്‍കിയത്.
നേരത്തെ മുസ്ലിം ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറി അസ്ലമിനെതിരെ ന്യൂമാഹി പൊലീസ് കേസെടുത്തിരുന്നു. ശൈലജക്കെതിരെ മങ്ങാട് സ്നേഹതീരം എന്ന വാട്സ്ആപ്പ് ഗ്രൂപ്പില്‍ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയിലാണ് മുസ്ലിം ലീഗ് ന്യൂ മാഹി പഞ്ചായത്ത് സെക്രട്ടറി പഞ്ചായത്ത് അംഗവുമായ ഇസ്ലാമിനെതിരെ കേസെടുത്തത്. സംഭവം കേരളരാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയ്ക്ക് വഴി വെച്ചിരുന്നു.
കെ കെ ശൈലജയ്ക്കെതിരായ സൈബര്‍ ആക്രമണം അംഗീകരിക്കാനാകാത്ത തെറ്റെന്ന് കെ.കെ രമ എംഎല്‍എ അടക്കമുള്ളവര്‍ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. സ്ത്രീകള്‍ക്കെതിരായ അശ്ലീല പ്രചാരണം തടയുന്നതില്‍ പൊലീസ് പരാജയപ്പെട്ടെന്നും ഇത് ആഭ്യന്തരവകുപ്പിന്റെ പരാജയമാണെന്നും കെ.കെ. രമ പറഞ്ഞിരുന്നു. സൈബര്‍ ആക്രമണത്തിനെതിരെ ശൈലജയുടെ പരാതി കിട്ടി 20 ദിവസമായിട്ടും പൊലീസ് എന്തെങ്കിലും നടപടി സ്വീകരിച്ചോ എന്ന് വ്യക്തമാക്കണമെന്നും കെ.കെ. രമ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.






