
ആടുജീവിതത്തിന്റെ ഷൂട്ടിംഗിനിടയില്‍ കോവിഡ് കാലത്ത് ജോര്‍ദാനില്‍ പെട്ടുപോയ നടന് പൃഥ്വിരാജിനെയും കൂട്ടരെയും നാട്ടില്‍ തിരിച്ചെത്തിച്ചത് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വി. മുരളീധരനെന്ന് പൃഥ്വിയിടെ മാതാവും നടിയുമായ മല്ലികാ സുകുമാരന്‍. നടനെയും ടീമിനെയും സുരക്ഷിതമായി നാട്ടില്‍ എത്തിക്കുമെന്ന് തനിക്ക് വി.മുരളീധരന് തനിക്ക് നേരിട്ട് ഉറപ്പ് നല്‍കുകയും അത് പാലിക്കുകയും ചെയ്തതായി കൈമുദിമൂവീസിന് നല്കിയ അഭിമുഖത്തിലായിരുന്നു മല്ലികാ സുകുമാരന്‍ പറഞ്ഞത്.
കോവിഡ് കാലത്ത് ബ്ളെസ്സിയുടെ സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് പൃഥ്വിയും സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകരും ജോര്‍ദ്ദാനില്‍ മരുഭൂമിയില്‍ കുടുങ്ങിപ്പോയിരുന്നു. ഈ സമയത്ത് തങ്ങള്‍ വളരെ ആശങ്കാകുലരായി മാറി. ആരെ വിളിച്ചാല്‍ മകന്റെ വിവരം അറിയാമെന്ന ആശങ്കയിലായിപ്പോയി. ആരെയെങ്കിലും വിളിച്ചാലുടന്‍ അവരൊക്കെ പൃഥ്വിയുടെ ശരീരം പോയതിനെക്കുറിച്ചാണ് പറയുന്നത്. പൃഥ്വിയെ വിളിച്ചാല്‍ കിട്ടില്ല. ജോര്‍ദ്ദാനിലെ മരുഭൂമിയില്‍ എവിടെയോ ആണ്. ബ്ളെസ്സിയെ വിളിച്ചപ്പോള്‍ ഒരു കുഴപ്പവുമില്ല..ഞങ്ങളെല്ലാം ഇവിടെയുണ്ടെന്നും സുരക്ഷിതരാണെന്നും മറുപടി പറഞ്ഞു. ഒടുവില്‍ എല്ലാം കഴിഞ്ഞ് ഷൂട്ടിംഗ് കഴിഞ്ഞ് തിരിച്ചുവരാന്‍ നേരത്ത് അവിടെ നിന്നും ഫ്ളൈറ്റല്ല.
സുരേഷ്ഗോപിയെ വിളിച്ച് വിവരം പറഞ്ഞു. പിന്നീട് വി മുരളീധരനെ നേരിട്ടു വിളിച്ചു വിവരം പറഞ്ഞു. ഇക്കാര്യം സുരേഷിനോടുമൊക്കെ പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു. രണ്ടു ദിവസം വെയ്റ്റ് ചെയ്യാനായിരുന്ന വി മുരളീധരന് നല്കിയ മറുപടി. അവിടെ ഒരു കുഴപ്പവുമില്ലെന്നും അവര്‍ക്ക് അവിടെ ഡോക്ടറുടെ സേവനം ഉള്‍പ്പെടെയുള്ളവ നല്‍കിയിട്ടുണ്ടെന്നും രണ്ടു ദിവസത്തിനകം ഫ്ളൈറ്റ് വരുമ്പോള്‍ തീര്‍ച്ചയായും അവരെ ആദ്യം കൊണ്ടുവരാനുള്ള എല്ലാ ഏര്‍പ്പാടുകളും ചെയ്തിട്ടുണ്ടെന്നും കര്‍ശനമായി അവരെ എത്തിക്കുമെന്നും അദ്ദേഹം വളരെ ഉറപ്പോടെ കയ്യിലടിച്ചു പറയുന്നത് പോലെ മറുപടി നല്കി. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ചാര്‍ട്ട് ചെയ്ത വിമാനത്തില്‍ അവര്‍ നാട്ടിലെത്തുകയും ചെയ്തു.
ഇതിനിടയില്‍ സുരേഷ്ഗോപിയും മോഹന്‍ലാലും ഉള്‍പ്പെടെ ഒരുപാട് നടന്മാര് വിളിച്ചു. സുരേഷ്ഗോപി എംപിയായതിനാല്‍ കുറച്ചു കൂടുതല്‍ അദ്ദേഹവുമായി സംസാരിച്ചു. എല്ലാം പറഞ്ഞിട്ടുണ്ടെന്നായിരുന്നു അദ്ദേഹവും പറഞ്ഞത്. എന്നിരുന്നാലും ഇവരൊക്കെ പറഞ്ഞാല്‍ ഫ്ളൈറ്റൊക്കെ ചാര്‍ട്ട് ചെയ്തു വിടുമോ എന്ന് സംശയിച്ചിരുന്നു. എങ്ങിനെയായാലും മകന് ഇവിടെ എത്തിയെന്ന് അറിഞ്ഞാല്‍ മതിയെന്ന നിലയിലായിരുന്നു കാര്യങ്ങള്‍. എന്തായാലും രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഫ്ളൈറ്റൊക്കെ ചാര്‍ട്ടു ചെയ്തു അവര്‍ നാട്ടില്‍ മടങ്ങിയെത്തുകയും ചെയ്തെന്ന് മല്ലിക പറയുന്നു. ഇതൊന്നുമറിയാതെ ഒരു സത്യവും അറിയാതെയാണ് ചിലര്‍ സാമൂഹ്യമാധ്യമങ്ങളില്‍ സുരേഷ്ഗോപിയേയും മറ്റും വിമര്‍ശിക്കുകയും തെറി പറയുകയുമൊക്കെ ചെയ്യുന്നതെന്നും യൂട്യൂബ് ചാനലിലെ അഭിമുഖത്തില്‍ മല്ലിക വ്യക്തമാക്കുന്നു.






