
തിരുവനന്തപുരം; മലമ്പനി എത്രയും വേഗം തന്നെ കണ്ടെത്തി ചികിത്സ തേടണമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്.ഗര്‍ഭിണികള്‍ , കുട്ടികള്‍ , പ്രായമായവര്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ കൂടുതല്‍ജാഗ്രത പുലര്‍ത്തണം.
മലമ്പനി ചികിത്സിച്ചില്ലെങ്കില്‍ ഗര്‍ഭാവസ്ഥയില്‍ ഗുരുതരമായ അനീമിയ, മാതൃമരണം, മാസം തികയാതെയുള്ള പ്രസവം, തൂക്കക്കുറവുള്ള കുഞ്ഞുങ്ങള്‍ ഉണ്ടാകുക എന്നിവയ്ക്ക് കാരണമാകും. മലമ്പനിയ്ക്ക് കൃത്യമായ ചികിത്സ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്. രോഗ ലക്ഷണങ്ങള്‍ കണ്ടെത്തി എത്രയും വേഗം തന്നെ ചികിത്സ തേടിയാല്‍ മലമ്പനി പൂര്‍ണമായും ഭേതമാക്കാനായി സാധിക്കും.
'കൂടുതല്‍ നീതിയുക്തമായ ലോകത്തിനായി മലമ്പനിക്കെതിരായ പോരാട്ടം ത്വരിതപ്പെടുത്താം' എന്നതാണ് ഈ വര്‍ഷത്തെ ലോക മലമ്പനി ദിനാചരണ സന്ദേശമെന്ന് മന്ത്രി പറഞ്ഞു. അനോഫിലിസ് വിഭാഗത്തില്‍പ്പെട്ട പെണ് കൊതുകുകളാണ് മലമ്പനി പരത്തുന്നത്. കൊതുക് കടിയേല്‍ക്കുന്നത് വഴിയും മലമ്പനിയുള്ള രോഗിയുടെ രക്തം സ്വീകരിക്കുന്നത് വഴിയും ചുരുക്കം സന്ദര്‍ഭങ്ങളില്‍ ഗര്‍ഭാവസ്ഥയില്‍ അമ്മയില്‍ നിന്ന് കുഞ്ഞിലേക്കും മലമ്പനി പകരുന്നു.
പനിയോടൊപ്പം ശക്തമായ കുളിരും തലവേദനയും പേശി വേദനയുമാണ് മലമ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍. വിറയലോടുകൂടി ആരംഭിച്ച് ശക്തമായ പനിയും കുളിരും ദിവസേനയോ ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ മൂന്ന് ദിവസം കൂടുമ്പോഴോ ആവര്‍ത്തിക്കുക, മനംപുരട്ടല്‍, ഛര്‍ദ്ദി, ചുമ, ത്വക്കിലും കണ്ണിലും മഞ്ഞ നിറം എന്നിവയും ഉണ്ടാകാറുണ്ട്. പനി, ശക്തമായ തലവേദന എന്നീ ലക്ഷണങ്ങള്‍ മാത്രമായും മലമ്പനി കാണാറുണ്ട്.
കൊതുക് കടിയേല്‍ക്കാതെ സ്വയം സംരക്ഷണമൊരുക്കിയാല്‍ മലമ്പനിയില് നിന്നും രക്ഷനേടാവുന്നതാണ്. ഇടവിട്ട് മഴയുള്ളതിനാല്‍ മലമ്പനിയുള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം.






