
ന്യൂഡല്‍ഹി: അമേഠി, റായ്ബറേലി സീറ്റുകളെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കിടയില്‍ ഇന്ന് ഇക്കാര്യത്തില്‍ അന്തിമതീരുമാനം ഉണ്ടാകും. നിര്‍ണ്ണായകമായ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് വൈകീട്ട് ചേരും. രണ്ടു സീറ്റുകളിലെയും സ്ഥാനാര്‍ത്ഥികളെ യോഗത്തില്‍ പ്രഖ്യാപിക്കും. റായ്ബറേലിയില്‍ പ്രിയങ്കാഗാന്ധിയും അമേഠിയില്‍ രാഹുല്‍ഗാന്ധിയും മത്സരിച്ചേക്കുമെന്ന് തന്നെയാണ് സൂചനകള്‍. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാനപനം ഇന്നുണ്ടായേക്കുമെന്ന് തന്നെയാണ് കിട്ടുന്ന സൂചനകള്‍.
റായ്ബറേലിയില്‍ ബിജെപിയും ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. പ്രിയങ്ക ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കുന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. തീരുമാനം പ്രിയങ്കയ്ക്ക് വിട്ടു എങ്കിലും കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി പ്രിയങ്ക മത്സരിക്കണം എന്ന് ആവശ്യപ്പെടും. ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസിന്റെയും ആവശ്യവും പ്രിയങ്ക വരണം എന്നാണ്. മെയ് 20ന് അഞ്ചാം ഘട്ടത്തിലാണ് അമേഠിയിലും റായ്ബറേലിയിലും തിരഞ്ഞെടുപ്പ് നടക്കുക. അമേഠിയില്‍ ബിജെപിസ്ഥാനാര്‍ത്ഥി കേന്ദ്രമന്ത്രി സ്മൃതി ഇറാനി പ്രചാരണത്തില്‍ ബഹുദൂരം മുന്നേറിക്കഴിഞ്ഞു.
അമേഠിയില്‍ രാഹുല്‍ ഗാന്ധിയും, റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധിയും മത്സരിച്ചേക്കുമെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അമേഠിക്കായി അവകാശവാദം ഉന്നയിച്ച് പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയും രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗം നേതാക്കള്‍ ഇതില്‍ അതൃപ്തിയും രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെയും വയനാട് മണ്ഡലത്തിലെയും പോളിംഗ് കഴിഞ്ഞ സാഹചര്യത്തില്‍ അമേഠി, റായ്ബറേലി സീറ്റുകളുടെ കാര്യത്തില്‍ കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപനം നടത്തുമെന്നാണ് സൂചന.
അമേഠിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ടാല്‍ മെയ് 2 ന് രാഹുല്‍ഗാന്ധി നാമനിര്‍ദ്ദേശ പത്രിക നല്‍കും. രാഹുലിനായി ഉത്തര്‍ പ്രദേശ് പിസിസി എല്ലാ സൗകര്യങ്ങളും ഒരുക്കി കാത്തിരിക്കുകയാണ്. നേരത്തേ അമേഠിയില്‍ മത്സരിക്കാന്‍ ബിജെപി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനി രാഹുല്‍ഗാന്ധിയെ വെല്ലുവിളിച്ചിരുന്നു. ഇതിനെ ഗൗരവമായിട്ടാണ് കോണ്‍ഗ്രസ് എടുത്തിരിക്കുന്നത് എന്നാണ് വിവരം. അതുകൊണ്ടു തന്നെ രാഹുല്‍ഗാന്ധി തന്നെ ഇവിടെ മത്സരിക്കണമെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.






