
ബുഡാപെസ്റ്റ്: സെര്‍ബിയന്‍ അതിര്‍ത്തിയില്‍ അഭയാര്‍ത്ഥികളെ ചവിട്ടിവീഴ്ത്തിയ ഹംഗേറിയന്‍ വനിത ഫോട്ടോഗ്രാഫര്‍ക്ക് ശിക്ഷ. മൂന്ന് വര്‍ഷത്തേക്ക് നല്ലനടപ്പിനാണ് ശിക്ഷിച്ചിരിക്കുന്നത്. ഹംഗേറിയിലെ ഒരു പ്രാദേശിക ചാനല്‍ എന്‍വണ്‍ ടിവിയുടെ വീഡിയോ ഗ്രാഫറായിരുന്ന പെട്ര ലാസ്ലോയെയാണ് ശിക്ഷിച്ചിരിക്കുന്നത്. 2015ലായിരുന്നു കേസിനാസ്പദമായ സംഭവം.
പോലീസിനെ ഭയന്നോടിയ അഭയാര്‍ത്ഥികളെ പെട്ര ഷൂട്ടിങ്ങിനിടെ കാല് വച്ച് വീഴ്ത്തുകയായിരുന്നു. ഇത് മാധ്യമങ്ങളിലൂടെ വൈറലായതോടെ വ്യാപക പ്രതിഷേധമാണുയര്‍ന്നത്. ഇത് പരിശോധിച്ച ശേഷമാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.
വിവാദമായതോടെ ഇവരെ ജോലിയില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. തനിക്ക് അഭയാര്‍ത്ഥികളോട് സ്വകാര്യമായ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് അവരെ കാല്‍വച്ച് വീഴുത്തിയതെന്നും അവര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല.






