
തിരുവനന്തപുരം: മന്ത്രി കെ. രാധാകൃഷ്ണന് ആലത്തൂരില്‍ ജയിച്ച് എം.പിയായാല്‍ സംസ്ഥാനമന്ത്രിസഭയിലേക്ക് ആരാകും പുതുതായി എത്തുക? ആലത്തൂരില്‍ രാധാകൃഷ്ണന് ജയിക്കുമെന്നും കൊല്ലത്ത് എം. മുകേഷിന്റെ സാധ്യത 50 ശതമാനമാണെന്നും സി.പി.എം. വിലയിരുത്തുന്ന സാഹചര്യത്തില്‍, ജയിച്ചാലും തോറ്റാലും മുകേഷിനു ലോട്ടറിയടിക്കുമെന്നാണു സൂചന.
എന്‍.കെ. പ്രേമചന്ദ്രനെന്ന വമ്പനെ മലര്‍ത്തിയടിക്കാനായാല്‍ രാഷ്ട്രീയത്തിലും മുകേഷിന്റെ താരമൂല്യമുയരും. ആലത്തൂരില്‍ സി.പി.എം. ജയിക്കുകയും കൊല്ലത്തു തോല്‍ക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ മുകേഷിനു മന്ത്രിസഭയിലേക്കു നറുക്കുവീഴുമെന്നാണു സൂചന. നിയമസഭയിലേക്കു രണ്ടാംതവണ ജയിച്ചതും ലോക്സഭയിലേക്കു കരുത്തനായ പ്രേമചന്ദ്രനെതിരേ ശക്തമായ മത്സരം കാഴ്ചവച്ചതും മുകേഷിന് അനുകൂലഘടകമാകും. പാലക്കാട് പി.ബി. അംഗമായ എ. വിജയരാഘവന് തോല്‍ക്കുകയും ആലത്തൂരില്‍ രാധാകൃഷ്ണന് ജയിക്കുകയും ചെയ്താല്‍ സി.പി.എമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ രാധാകൃഷ്ണനു സാധ്യതയുണ്ട്.
മുകേഷ് കൂടി എത്തിയാല്‍ രണ്ടാം പിണറായി മന്ത്രിസഭയില്‍ കൊല്ലത്തിന്റെ പ്രാതിനിധ്യം നാലാകും. കെ.എന്‍. ബാലഗോപാല്‍, ജെ. ചിഞ്ചുറാണി, കെ.ബി. ഗണേഷ്കുമാര് എന്നിവരാണു നിലവില്‍ കൊല്ലത്തിന്റെ മന്ത്രിമാര്‍. ഗണേഷ്കുമാറിനു പുറമേ മുകേഷിനെയും ഉള്‍പ്പെടുത്തിയാല്‍ മലയാള സിനിമയ്ക്കും താരസംഘടനയായ അമ്മയ്ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യം ഇരട്ടിക്കും.






