
ജയറാമെന്ന അഭിനേതാവിനെ പ്രേക്ഷകര്‍ കുടുംബാംഗത്തെപ്പോലെയാണ് സ്നേഹിക്കുന്നത്. ജയറാമിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഒരുകാലത്ത് മലയാളത്തിന്റെ സ്വന്തം നായികയായിരുന്ന പാര്‍വ്വതിയെ ജയറാം വിവാഹം ചെയ്തപ്പോഴും പിന്നീടിവരുടെ മകന് കാളിദാസ് സിനിമയിലേക്ക് എത്തിയപ്പോഴുമൊക്കെ പ്രേക്ഷകരതിനെ സ്വന്തം വീട്ടിലെ സന്തോഷം പോലെയത് ആഘോഷിച്ചു. കുറച്ചു നാളുകള്‍ക്ക് മുന്‍പാണ് മക്കളായ കാളിദാസിന്റെയും മാളവികയുടെയും വിവാഹത്തെക്കുറിച്ച് ജയറാം സംസാരിച്ചത്. അവരുടെ നിശ്ചയച്ചടങ്ങുകളുടെ ചിത്രങ്ങള്‍ പങ്കിട്ടതോടെ സോഷ്യല്‍ മീഡിയയത് ഹൃദയപൂര്‍വ്വം ഏറ്റെടുത്തു. അന്ന് തന്നെ ജയറാമും പാര്‍വ്വതിയും മകളുടെ വിവാഹമായിരിക്കും ആദ്യം നടക്കുകയെന്നത് പറഞ്ഞിരുന്നു.
ഇപ്പോഴിതാ മാളവികയുടെ വിവാഹം ഗുരുവായൂരില്‍ വച്ച് നടന്നതിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. ഗുരുവായൂർ ക്ഷേത്രത്തില്‍ ഇന്ന് രാവിലെയായിരുന്നു ചടങ്ങുകള്‍. പാലക്കാട് നെന്മാറ സ്വദേശി നവനീതാണ് മലയാളികളുടെ പ്രിയങ്കരി ചക്കിയുടെ കഴുത്തില്‍ മിന്നു ചാർത്തിയത്. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍. സുരേഷ് ഗോപിയും ഭാര്യ രാധികയും മാളവികയെ അനുഗ്രഹിക്കാനെത്തി. സഹോദരൻ കാളിദാസിന്റെ ഭാവിവധു തരിണി കലിംഗരായർ ചക്കിയുടെ വിവാഹത്തില്‍ എത്തി.
തമിഴ് നാടന്‍ സ്റ്റൈലില്‍ ചുവന്ന പട്ടുസാരിയാണ് മാളവിക അണിഞ്ഞത്, കസവ് മുണ്ടും ഗുരുവായൂരപ്പന്റെ മ്യൂറല്‍ വര്‍ക്കുള്ള മേല്‍മുണ്ടുമായിരുന്നു നവനീതിന്റെ വേഷം.
തൃശൂർ ഹയാത്ത് ഹോട്ടലില്‍ ഇന്ന് രാവിലെ 10.30 മുതലാണ് വിവാഹ വിരുന്ന്. യുകെയില്‍ ചാർട്ടേഡ് അക്കൗണ്ടന്റായും ഇപ്പോള്‍ ചാർട്ടേഡ് അക്കൗണ്ടന്റായിട്ടും സൈബർ വിങ്ങിന്റെ സെക്യൂറിറ്റി വിംഗ് ഹെഡായും ജോലി ചെയ്യുകയാണ് നവനീത് ഗിരീഷ്. ഇരുവരുടെയും വിവാഹനിശ്ചയ വിശേഷങ്ങള്‍ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്.






