
ബംഗലുരു: ലൈംഗികാപവാദക്കേസില്‍ കുടുങ്ങിയ ജെഡിഎസ് നേതാവ് എച്ച്ഡി രേവണ്ണയ്ക്കും മകന് പ്രജ്വല്‍ രേവണ്ണയ്ക്കും എതിരേ തട്ടിക്കൊണ്ടുപോകല്‍ കേസും. പ്രജ്വലിന്റെ ബലാത്സംഗ വീഡിയോയില്‍ കാണപ്പെട്ടവരില്‍ ഒരാള്‍ തന്റെ മാതാവാണെന്നും അവരെ രേവണ്ണയുടെ ആള്ക്കാര് വന്ന് തട്ടിക്കൊണ്ടു പോയെന്നും ആരോപിച്ച് യുവാവ് വ്യാഴാഴ്ച രാത്രിയില്‍ പോലീസിന് പരാതി നല്കി.
വ്യാഴാഴ്ച രാത്രി ഫയല്‍ ചെയ്ത പുതിയ കേസില്‍, മൈസൂരു ജില്ലയിലെ കൃഷ്ണരാജ നഗര്‍ പട്ടണത്തില്‍ നിന്നുള്ള 20 കാരനാണ് പരാതിക്കാരന്. തന്റെ അമ്മയെ രേവണ്ണ തട്ടിക്കൊണ്ടുപോയതാണെന്നും ആറ് വര്‍ഷം മുമ്പ് അമ്മ രേവണ്ണയുടെ ഹോളനരസിപുരയിലെ വസതിയില്‍ ജോലി ചെയ്തിരുന്നതായും പറയുന്നു. മൂന്ന് വര്‍ഷം മുമ്പ് ഇവര്‍ ജോലി ഉപേക്ഷിച്ച് സ്വന്തം നാട്ടിലേക്ക് മടങ്ങി.
അഞ്ച് ദിവസം മുമ്പ്, രേവണ്ണയുടെ വിശ്വസ്തനായ സതീഷ് ബാബണ്ണ വീട്ടില്‍ വന്നിരുന്നു, അന്വേഷണത്തിനായി പോലീസ് സമീപിക്കാമെന്നും എന്നാല്‍ അവരോട് ഒന്നും പറയരുതെന്നും പറഞ്ഞു.''ഏപ്രില്‍ 29ന് രാത്രി 9 മണിയോടെ സതീഷ് ബാബണ്ണ ഞങ്ങളുടെ വീട്ടില്‍ വന്ന് അമ്മയെ പിടിച്ചാല്‍ നിങ്ങള്‍ കുഴപ്പത്തിലാകുമെന്നും നിങ്ങള്‍ എല്ലാവരും ജയിലിലേക്ക് പോകുമെന്നും പറഞ്ഞു. നിങ്ങളെ കൂട്ടിക്കൊണ്ടു ചെല്ലാന്‍ രേവണ്ണ എന്നോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് അയാള്‍ മാതാവിനെ മോട്ടോര്‍സൈക്കിളില്‍ കയറ്റി കൊണ്ടുപോയി.'' പരാതിക്കാരന് പറഞ്ഞു.
തന്റെ അമ്മയെ എവിടേക്കാണ് കൊണ്ടുപോയതെന്ന് ഒരു സൂചനയും ലഭിച്ചിട്ടില്ലെന്നും പറഞ്ഞു. മെയ് 1 ന്, തന്റെ അമ്മയെ കയറില്‍ ബന്ധിച്ചിരിക്കുന്നതായി കാണിക്കുന്ന ഒരു വീഡിയോ പുറത്തുവന്നിട്ടുണ്ടെന്നും പ്രജ്വല്‍ അവളെ ബലാത്സംഗം ചെയ്തതായി ആരോപിക്കപ്പെടുന്നതായും തന്റെ സുഹൃത്തുക്കള്‍ വിളിച്ച് പറഞ്ഞതായി അദ്ദേഹം പറഞ്ഞു. അമ്മയുടെ ജീവന് ഭീഷണിയുണ്ടെന്നും അമ്മ എവിടെയാണെന്ന് കണ്ടെത്താന്‍ പോലീസിന്റെ സഹായം തേടിയെന്നും പരാതിക്കാരന് പറഞ്ഞു.
മൈസൂരു റൂറല്‍ സബ് ഡിവിഷനു കീഴിലുള്ള കെആര്‍ നഗര്‍ പോലീസ് തട്ടിക്കൊണ്ടുപോകല്‍, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, ഒത്താശ ചെയ്യല്‍ എന്നീ കുറ്റങ്ങള്‍ക്ക് എച്ച്ഡി രേവണ്ണയ്ക്കും സതീഷ് ബാബണ്ണയ്ക്കുമെതിരെ കേസെടുത്തു. എന്നാല്‍ തനിക്ക് ഈ ഗൂഢാലോചനകളെ നേരിടാനുള്ള ശക്തിയുണ്ടെന്നും താന്‍ നേരിടുമെന്നും തെറ്റ് ചെയ്തിട്ടില്ലാത്തതിനാല്‍ ഏത് അന്വേഷണവും നിയമപരമായി നേരിടുമെന്നും രേവണ്ണ പറഞ്ഞു.






