
ജെസ്ന കേസിൽ സിബിഐ കേസ് ഡയറി കോടതിയിൽ ഹാജരാക്കി. ജെസ്നയുടെ അച്ഛൻ കോടതിയിൽ ഇന്നലെ ചില തെളിവുകൾ നൽകിയിരുന്നു. സിബിഐ അന്വേഷണത്തിൽ ഈ കാര്യങ്ങൾ വന്നോ എന്ന് അറിയാനായിട്ടാണ് സിബിഐയോട് കേസ് ഡയറി ഹാജരാക്കാൻ നിർദ്ദേശം നൽകിയത്. ഹർജി വീണ്ടും ഈ മാസം എട്ടിന് പരിഗണിക്കും. ജെസ്ന തിരോധാന കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് അച്ഛൻ ജെയിംസ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ ഇന്നലെയാണ് കോടതി സ്വീകരിച്ചത്.
സിബിഐ പരിശോധിക്കാത്ത എന്തെങ്കിലും തെളിവുകള്‍ ഹാജരാക്കുകയാണെങ്കിൽ തുടരന്വേഷണം നടത്താമെന്നായിരുന്നു സിബിഐ നിലപാട്. അതിനാൽ തെളിവുകള്‍ താരതമ്യം ചെയ്ത ശേഷമായിരിക്കും തുരന്വേഷണത്തിന്റെ കാര്യത്തിൽ തിരുവനന്തപുരം സിജെഎം കോടതി ഉത്തരവിടുക.
തുടരന്വേഷണം ആവശ്യപ്പെട്ടാണ് ജെസ്നയുടെ അച്ഛൻ കോടതിയെ സമീപിച്ചത്. ജെസ്ന ജീവിച്ചിരിപ്പില്ലെന്നാണ് അച്ഛൻ പറയുന്നത്. ജെസ്ന തിരോധാന കേസിൽ സിബിഐ എത്തിപ്പെടാത്ത കാര്യങ്ങൾ സമാന്തര അന്വേഷണത്തിലൂടെ കണ്ടെത്തിയെന്ന് അച്ഛൻ അവകാശപ്പെടുന്നു.
ജെസ്നയുടെ സഹപാഠിയായ സുഹൃത്ത് തെറ്റുകാരനല്ല, മറ്റൊരു സുഹൃത്താണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്. ഇതിന്റെ തെളിവ് കയ്യിലുണ്ടെന്നും കോടതിയിൽ കൈമാറിയെന്നുമാണ് അച്ഛൻ പറയുന്നത്.






