
ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് 18 കോടി രൂപ വിലമതിക്കുന്ന 25 കിലോ സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ പിടിയിലായ മുംബൈയിലെ അഫ്ഗാനിസ്ഥാൻ കോൺസൽ ജനറൽ സ്ഥാനമൊഴിയുന്നു. ഇന്ത്യയിലെ ഏറ്റവും മുതിർന്ന അഫ്ഗാൻ നയതന്ത്രജ്ഞയായ സാകിയ വാർഡകിനെയാണ് സ്വർണവുമായി പിടികൂടിയത്.
സ്ഥാനമൊഴിയുന്ന കാരണം വ്യക്തിപരമായ ആക്രമണങ്ങളും അപകീർത്തികരമായ പരാമർശങ്ങളുമാണെന്ന് ഇവർ വ്യക്തമാക്കി. ഏപ്രിൽ അവസാനവാരമാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് മുംബൈ വിമാനത്താവളത്തിൽ വെച്ച് വാർഡക്കിനെ സ്വർണവുമായി പിടികൂടിയത്.
സ്വർണം പിടിച്ചെടുക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തെങ്കിലും നയതന്ത്രപ്രതിരോധം ഉള്ളതിനാൽ അറസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നില്ല. അഫ്ഗാനിസ്ഥാനിലെ മുൻ അഷ്റഫ് ഗനി സർക്കാരാണ് ഇവരെ നിയമിച്ചത്. 2021-ൽ താലിബാൻ ഇവരെ നീക്കിയെങ്കിലും ഗനി സർക്കാർ നിയമിച്ച നയതന്ത്ര ഉദ്യോഗസ്ഥരുമായാണ് ഇന്ത്യ സഹകരിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ, എനിക്ക് നേരെ മാത്രമല്ല, എൻ്റെ അടുത്ത കുടുംബത്തിനും ബന്ധുക്കൾക്കും നേരെ നിരവധി വ്യക്തിപരമായ ആക്രമണങ്ങളും അപകീർത്തികളും നേരിട്ടെന്നും ഇവർ പറഞ്ഞു.
ഊഷ്മളമായ സ്വീകരണത്തിനും അചഞ്ചലമായ പിന്തുണയ്ക്കും ഇന്ത്യൻ സർക്കാരിന് വാർഡക് നന്ദി പറഞ്ഞു.






