
കൊച്ചി: പ്രശ്നം ഒത്തുതീര്‍പ്പായി ജീവനക്കാര്‍ തിരികെ ജോലിക്ക് കയറാന്‍ തുടങ്ങിയെങ്കിലും എയര്‍ ഇന്ത്യ എക്സ്പ്രസില്‍ സര്‍വ്വീസ് പ്രതിസന്ധി തുടരുന്നു. കണ്ണൂര്‍, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളില്‍ നിന്നുള്ള എയര്‍ ഇന്ത്യയുടെ സര്‍വീസുകള്‍ ഇന്നും മുടങ്ങി. കണ്ണൂരില്‍ നിന്നും എട്ട് സര്‍വ്വീസുകളും കൊച്ചിയില്‍ നിന്ന് അഞ്ച് സര്‍വ്വീസുകളുമാണ് റദ്ദാക്കിയത്. സര്‍വ്വീസ് ഉടന്‍ പുനരാരംഭിക്കുമെന്നാണ് കരുതുന്നത്.
കണ്ണൂരില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന ഷാര്‍ജ, ദുബായ്, ദമാം, റിയാദ്, അബുദാബി, റാസല്‍ ഖൈമ, മസ്കറ്റ്, ദോഹ സര്‍വ്വീസുകളും കൊച്ചിയില്‍ നിന്നുള്ള ദമാം, മസ്കറ്റ്, ബെംഗളൂരു, കൊല്‍ക്കത്ത, ഹൈദരാബാദ് സര്‍വ്വീസുകളുമാണ് ഇന്ന് റദ്ദാക്കിയത്. അതേസമയം കണ്ണൂരില്‍ നിന്നും വൈകിട്ട് പുറപ്പെടേണ്ട ഷാര്‍ജ, ദുബായ് വിമാനങ്ങളും സര്‍വ്വീസ് നടത്തുമെന്നാണ് വിവരം. തിരുവനന്തപുരത്ത് നിന്നും വിമാനം പുറപ്പെട്ടു.
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും അബുദാബിക്കുള്ള 1.10 നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് സര്‍വീസ് നടത്തിയത്. നേരത്തേ ഫ്ളൈറ്റ് റദ്ദാക്കിയതില്‍ യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍ ഇന്ത്യ ക്ഷമ ചോദിച്ചിരുന്നു. ജീവനക്കാര്‍ കൂട്ട അവധി എടുത്തതോടെയാണ് നിരവധി ആഭ്യന്തര-അന്താരാഷ്ട്ര സര്‍വീസുകള്‍ പ്രതിസന്ധിയിലായത്. അനേകം യാത്രക്കാരെ ഇത് പ്രതിസന്ധിയിലാക്കിയിരുന്നു.
അതിനിടെ സമരം ഒത്തുതീര്‍പ്പായതോടെ ജീവനക്കാര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചു തുടങ്ങി. അവധിയെടുത്ത ജീവനക്കാര്‍ ഫിറ്റിനസ് സര്‍ട്ടിഫിക്കറ്റുമായി ജോലിക്ക് കയറി തുടങ്ങി. ഇന്നലെ ദില്ലി റീജനല്‍ ലേബര്‍ കമ്മിഷണറുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായത്. ജീവനക്കാരുടെ പ്രശ്നങ്ങള്‍ പരിശോധിക്കാമെന്ന് മാനേജ്മെന്റ് ഉറപ്പ് നല്‍കിയിരുന്നു. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാനും തീരുമാനമായി. രണ്ട് ദിവസത്തിനകം സര്‍വീസുകള്‍ സാധാരണ നിലയിലായി തുടങ്ങും.






