
ന്യൂഡല്‍ഹി: ജെഡി(എസ്) എംപി പ്രജ്വല്‍ രേവണ്ണ നിരവധി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് ഉയര്‍ന്ന ആരോപണത്തില്‍ തെളിവുകള്‍ പുറത്തുവിട്ടതെന്ന് കരുതുന്ന ബിജെപി നേതാവ് ജി ദേവരാജെ ഗൗഡയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ലൈംഗികാതിക്രമക്കേസുമായി ബന്ധപ്പെട്ട് ആയിരുന്നു വെള്ളിയാഴ്ച വൈകിട്ട് ഇയാളെ കസ്റ്റഡിയിലെടുത്തത്. സ്വത്ത് വില്ക്കാന് സഹായിക്കാനെന്ന വ്യാജേന തന്നെ പീഡിപ്പിച്ചെന്ന 36 കാരിയുടെ പരാതിയിലാണ് ദേവരാജെ ഗൗഡയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ബെംഗളൂരുവില്‍ നിന്ന് ചിത്രദുര്‍ഗയിലേക്ക് പോകുന്നതിനിടെയാണ് കസ്റ്റഡിയിലെടുത്തത്. 2023ലെ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രജ്വലിന്റെ പിതാവും ഹൊലേനരസിപുര എംഎല്‍എയുമായ എച്ച്ഡി രേവണ്ണയ്ക്കെതിരെ മത്സരിച്ചയാളാണ് ഗൗഡ. ലൈംഗികാരോപണത്തില്‍ പ്രജ്വല്‍ രേവണ്ണയ്ക്ക് എതിരേ വീഡിയോകള്‍ ചോര്‍ത്തിയെന്ന ആരോപണവും ഇദ്ദേഹത്തിനെതിരേ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, വീഡിയോകള്‍ ചോര്‍ന്നത് കോണ്‍ഗ്രസ് വഴിയാണെന്നാണ് അദ്ദേഹം പറയുന്നത്.
എന്നാല്‍ പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമത്തെക്കുറിച്ച് കഴിഞ്ഞ വര്‍ഷം ബിജെപി നേതൃത്വത്തെ അറിയിക്കുകയും ഹാസനില്‍ നിന്നുള്ള ജെഡി (എസ്) നേതാവിന് ലോക്സഭാ ടിക്കറ്റ് നല്‍കരുതെന്ന് പാര്‍ട്ടിയോട് ആവശ്യപ്പെടുകയും ചെയ്തയാളാണ് ഗൗഡ. കഴിഞ്ഞ വര്‍ഷം ജെഡിഎസുമായി സഖ്യമുണ്ടാക്കിയ ബിജെപി പ്രജ്വലിനെ ഹസനില്‍ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഏപ്രില്‍ 26 ന് ഹസന് ലോക്സഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് നടന്നതിന് തൊട്ടുപിന്നാലെയാണ് ലൈംഗികാരോപണം ശ്രദ്ധയില്‍പ്പെട്ടത്. ഒന്നിലധികം സ്ത്രീകള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നതിന്റെ വീഡിയോകള്‍ പ്രചരിക്കാന്‍ തുടങ്ങി. വീഡിയോ പുറത്തുവന്ന ദിവസം ജര്‍മ്മനിയിലേക്ക് പോയ പ്രജ്വല്‍ രേവണ്ണ പിന്നീട് മടങ്ങി വന്നിട്ടില്ല. ജെഡി(എസ്) ഇയാളെ സസ്പെന്‍ഡ് ചെയ്തു. പ്രജ്വലിനെതിരേ ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. ജെഡിഎസ് പ്രജ്വലിലെ സസ്പെന്റ് ചെയ്തിട്ടുണ്ട്.





