
കൊച്ചി: അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍ ക്രോഡീകരിച്ചിട്ടില്ലെന്നും അത്തരം വ്യക്തിഗത വിവരങ്ങള്‍ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും മോട്ടോര്‍ വാഹന വകുപ്പ്. ഇതുസംബന്ധിച്ചുള്ള വിവരാവകാശ മറുപടിയിലാണ് എം.വി.ഡി. അപ്പീല്‍ അധികാരിയുടെ വിശദീകരണം.
മോട്ടോര്‍ വാഹന വകുപ്പില്‍നിന്ന് നിരന്തരം പരാതികളുയരുകയും കെ.ബി. ഗണേഷ്കുമാര് ഗതാഗത മന്ത്രിയായതിനു പിന്നാലെ 57 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് അച്ചടക്ക നടപടിയുടെ വിശദാംശങ്ങള്‍ ആരാഞ്ഞത്. എന്നാല്‍ എത്ര ഉദ്യോഗസ്ഥര്ക്കെതിരേ അച്ചടക്ക നടപടി സ്വീകരിച്ചുവെന്നതിന്റെ വിശദാംശങ്ങള്‍ ക്രോഡീകരിച്ചിട്ടില്ലെന്നാണു വിചിത്ര മറുപടി.
പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2016 മേയ് മുതല്‍ കഴിഞ്ഞവര്‍ഷം നവംബര്‍ 30 വരെ ജില്ലാതലത്തില്‍ എം.വി.ഡി ഉദ്യോഗസ്ഥര്ക്കെതിരേ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ നല്കാന് വിവരാവകാശ പ്രവര്ത്തകന് കെ. ഗോവിന്ദന് നമ്പൂതിരിയാണ് ആവശ്യപ്പെട്ടത്.
എന്നാല്‍ അത്തരം വ്യക്തിഗത വിവരങ്ങള്‍ക്ക് സ്വകാര്യതയിലേക്കുള്ള അനാവശ്യമായ കടന്നുകയറ്റത്തില്നിന്നുള്ള സംരക്ഷണത്തിന് അര്‍ഹതയുണ്ടെന്നാണ് എം.വി.ഡി. അധികൃതരുടെ ന്യായം. 2019 ലെ ഒരു സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയാണ് ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എന്‍ഫോഴ്സ്മെന്റിന്റെ (ഇന്‍ ചാര്‍ജ്) വിശദീകരണം.
അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ എണ്ണം പ്രസിദ്ധപ്പെടുത്തുന്നത് എങ്ങനെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാകുമെന്നും അത് വിവരങ്ങള്‍ മറച്ചുപിടിക്കാനുള്ള എം.വി.ഡിയുടെ തന്ത്രമാണെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന വിവരാവകാശ കമ്മിഷനില്‍ അപ്പീല്‍ നല്‍കുമെന്ന് കെ. ഗോവിന്ദന് നമ്പൂതിരി വ്യക്തമാക്കി.






