
പറവൂര്‍: സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിനു ഭര്‍തൃവീട്ടില്‍ ക്രൂരമര്‍ദനമേറ്റെന്നു പരാതി. ദേഹമാസകലം പരുക്കേറ്റ യുവതി ചികിത്സയില്‍. കഴിഞ്ഞ അഞ്ചിനായിരുന്നു പറവൂര്‍ സ്വദേശിയായ യുവതിയും കോഴിക്കോട് പന്തീരാങ്കാവ് പന്നിയൂര്‍ക്കുളം സ്നേഹതീരത്തില്‍ രാഹുലുമായുള്ള വിവാഹം. ഏഴാംനാള്‍ വരന്റെ വീട്ടില്‍ അടുക്കളകാണല്‍ ചടങ്ങിനായി പലഹാരങ്ങളും സമ്മാനങ്ങളുമായി വധുവിന്റെ വീട്ടില്‍നിന്ന് 26 അംഗസംഘം എത്തിയപ്പോഴാണു ദേഹമാസകലം പരുക്കേറ്റ നിലയില്‍ യുവതിയെ കണ്ടത്.
കാര്യം തിരക്കിയ വീട്ടുകാരോട് കുളിമുറിയില്‍ തെന്നിവീണെന്നാണു യുവതി പറഞ്ഞത്. അങ്ങനെ പറയണമെന്നു രാഹുല്‍ നിര്‍ദേശിച്ചിരുന്നതായും ആവര്‍ത്തിച്ച് ചോദിച്ചപ്പോഴാണു ക്രൂരമര്‍ദനം വെളിപ്പെട്ടതെന്നും യുവതിയുടെ അച്ഛന് പറഞ്ഞു. നെറ്റി മുഴച്ചിരിക്കുകയായിരുന്നു. തലയില്‍ തൊടാനാവാത്ത വിധം കടുത്തവേദനയും മൂക്കില്‍നിന്നു ചോരയൊലിച്ചതിന്റെ ലക്ഷണവുമുണ്ടായിരുന്നു.
മുറി അടച്ചിട്ടായിരുന്നു മര്‍ദനം. രാഹുല്‍ ബെല്‍റ്റ് കൊണ്ട് അടിച്ചെന്നും മൊബൈല്‍ ചാര്‍ജറിന്റെ കേബിള്‍ കഴുത്തില്‍ കുരുക്കി കൊല്ലാന്‍ ശ്രമിച്ചെന്നും യുവതിയുടെ പിതാവ് പറഞ്ഞു. വിവാഹം കഴിഞ്ഞ് ആദ്യദിവസങ്ങളില്‍ പ്രശ്നമൊന്നുമുണ്ടായിരുന്നില്ല. യുവതിയുടെ വീട്ടുകാര്‍ ചെല്ലുന്നതിന്റെ തലേന്നാണു മര്‍ദനമുണ്ടായത്. കഴിഞ്ഞ 11-നു രാത്രി വൈകിയാണു രാഹുല്‍ വീട്ടിലെത്തിയത്. മര്‍ദനത്തില്‍നിന്ന് രക്ഷപ്പെടാന്‍ മുറിക്കു പുറത്തേക്ക് ഓടാന്‍ ശ്രമിച്ച യുവതിയെ ബെല്‍റ്റ് കൊണ്ട് അടിച്ചുവീഴ്ത്തിയെന്നും പരാതിയില്‍ പറയുന്നു.
യുവതിയെ ഫറോക്ക് ഗവ. ആശുപത്രിയിലെത്തിച്ചശേഷം പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെത്തിയെങ്കിലും ഇന്‍സ്പെക്ടര്‍ മോശമായാണു പെരുമാറിയതെന്നു മാതാപിതാക്കള്‍ ആരോപിച്ചു. ഉച്ചകഴിഞ്ഞ് ഒന്നിനു സ്റ്റേഷനിലെത്തിയ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് രാത്രി ഏഴിനുശേഷമാണു പറവൂരിലേക്കു മടങ്ങാനായത്. അതിനു മുമ്പേ രാഹുലിനെ സ്റ്റേഷനില്‍നിന്നു വിട്ടയച്ചെന്നും യുവതിയുടെ പിതാവ് ആരോപിച്ചു. പറവൂരിലെത്തിച്ച യുവതിയെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൗണ്‍സലിങ്ങും നല്കി.
കോട്ടയം സ്വദേശികളായ രാഹുലിന്റെ കുടുംബം നാലരവര്‍ഷം മുമ്പാണ് കോഴിക്കോട് പന്നിയൂര്‍ക്കുളത്ത് താമസമാക്കിയത്. ജര്‍മനിയില്‍ എയ്റോനോട്ടിക്കല്‍ എന്‍ജിനീയറാണു രാഹുല്‍. തിരുവനന്തപുരത്തെ ഐ.ടി. കമ്പനിയില്‍ എന്‍ജിനീയറാണു യുവതി. വൈവാഹിക വെബ്സൈറ്റ് മുഖേനയാണ് വിവാഹാലോചന വന്നതെന്നും രാഹുലിനെതിരേ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും യുവതിയുടെ പിതാവ് പറഞ്ഞു.






