
കൊച്ചി: പെരിയാറില്‍ വളര്‍ത്തുമത്സ്യങ്ങള്‍ ചത്തുപൊങ്ങിയ സംഭവത്തില്‍ മത്സ്യക്കര്‍ഷകരുടെ രൂക്ഷമായ പ്രതിഷേധം. ഏലൂര്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഓഫീസിലേക്ക് അനാസ്ഥ ആരോപിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലായിരുന്ന പ്രതിഷേധം. ചത്തു പൊങ്ങിയ ദുര്‍ഗന്ധമുള്ള മീനുമായി എത്തിയായിരുന്നു കര്‍ഷകര്‍ പ്രതിഷേധിച്ചത്. ബക്കറ്റില്‍ കൊണ്ടുവന്ന അഴുകിയ മീന്‍ ഓഫീസിലേക്ക് വലിച്ചെറിഞ്ഞു.
ഉദ്യോഗസ്ഥരുടെ അനാസ്ഥയില്‍ രൂക്ഷമായ പ്രതിഷേധമാണ് ഉയര്‍ന്നത്. ലക്ഷക്കണക്കിന് നഷ്ടം നേരിട്ട കര്‍ഷകരാണ് ചത്തുപൊങ്ങിയ മീനുകളുമായി ഓഫീസിന് മുന്നിലെത്തിയത്. പോലീസുമായി പ്രതിഷേധക്കാര്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടാക്കി. പെരിയാറിന് സമീപത്തുള്ള ഒരു സ്ഥാപനത്തില്‍ നിന്നും രാസമാലിന്യങ്ങള്‍ ഒഴുക്കിവിട്ടെന്നാണ് സമരക്കാര്‍ ആക്ഷേപിക്കുന്നത്. ഇക്കാര്യത്തില്‍ ശാസ്ത്രീയമായ പരീക്ഷണം നടന്നിട്ടില്ല. വെള്ളത്തില്‍ രാസമാലിന്യങ്ങള്‍ കലര്‍ന്നോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നായിരുന്നു എന്‍വയോണ്‍മെന്റ് വിഭാഗം പറയുന്നത്.
ബക്കറ്റില്‍ മീനുകള്‍ കൂട്ടത്തോടെ കൊണ്ടുവന്ന് ഓഫീസിന്റെ വളപ്പിലേക്ക് സമരക്കാര്‍ വലിച്ചെറിഞ്ഞു. ബക്കറ്റ് സഹിതമായിരുന്നു അകത്തേക്ക് എറിഞ്ഞത്. ഇത് മത്സ്യങ്ങളെ മാത്രമല്ല ജനങ്ങളെയും ബാധിക്കുന്ന പ്രശ്നമാണെന്നും പത്തുപതിനഞ്ച് വര്‍ഷത്തിനിടയില്‍ ഇത്രയുമധികം മീനുകള്‍ ചത്തുപൊങ്ങുന്നത് ഇതാദ്യമാണെന്നും ഉദ്യോഗസ്ഥര്‍ ഇതിന്റെ ദുരവസ്ഥ മനസ്സിലാക്കണമെന്നും പ്രതിഷേധക്കാര്‍ പറയുന്നു. കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. നഷ്ടപരിഹാരം വേണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നുണ്ട്.






