
കൊച്ചി: ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിയുകയാണെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു.
അടുത്ത മാസം 30ന് ചേരുന്ന ജനറല്‍ ബോഡിയില്‍ പിന്മാറ്റം പ്രഖ്യാപിക്കും. ജൂലൈ ഒന്നിനു പുതിയ സമിതി നിലവില്‍ വരുമെന്നും ഇടവേള ബാബു പറഞ്ഞു. അമ്മയുടെ അധ്യക്ഷ പദത്തില്‍നിന്ന് ഇതോടെ മോഹന്‍ലാലും ഒഴിഞ്ഞേക്കുമെന്നാണ് സൂചന.
ഇടവേളയില്ലാതെ കാല്‍നൂറ്റാണ്ടായി അമ്മയുടെ ഭാരവാഹി എന്ന നിലയില്‍ വിവിധ ചുമതലകള്‍ വഹിച്ചശേഷമാണ് ബാബുവിന്റെ പിന്മാറ്റം. ബാബുവിനൊപ്പം പ്രവര്‍ത്തിക്കാന്‍ തയാറാണെന്നു വ്യക്തമാക്കി പ്രസിഡന്റ് പദത്തില്‍ കണ്ണുനട്ട് പല താരങ്ങളും അണിയറയിലുണ്ടെങ്കിലും ഒരു ടീമായി നില്ക്കാന് ഇനി സാധ്യമല്ലെന്ന് ബാബു വ്യക്തമാക്കിയതായാണ് സൂചന.സംഘടനയ്ക്ക് നിലവില്‍ 15 കോടി രൂപയുടെ ആസ്തിയുണ്ട്.
സ്വന്തമായി കലൂരില്‍ ബഹുനില കെട്ടിടം ഉള്‍പ്പെടെ മറ്റു സ്വത്തുക്കള്‍ വേറെയും. രാജിവച്ചുപോകാന്‍ താല്പര്യമില്ലാത്തതിനാലാണ് വരുന്ന 30 വരെ തുടരുന്നതെന്നു ബാബു പറഞ്ഞു. പുതുതായി വാങ്ങിയ സ്ഥലത്ത് കെട്ടിടം പണിയുന്നത് ഉള്‍പ്പെടെ പല പദ്ധതികളും സംഘടനയുടെ മുന്നിലുണ്ട്.
സാമ്പത്തികമായി സംഘടനയെ കെട്ടുറപ്പോടെ നയിക്കുകയാണു വലിയ വെല്ലുവിളി. പ്രതിവര്‍ഷം മൂന്നുകോടി രൂപയാണ് സംഘടനയുടെ ചെലവ്. അംഗങ്ങളുടെ ആരോഗ്യ സുരക്ഷാ ഇന്‍ഷുറന്‍സിനു മാത്രം ഇക്കഴിഞ്ഞ വര്‍ഷം ഒന്നരക്കോടി രൂപയാണ് പ്രീമിയം അടച്ചത്. ഇനി നടന് എന്ന നിലയില്‍ കൂടുതല്‍ സമയം ചെലവിടേണ്ടതുണ്ടെന്നും ഇടവേള ബാബു വ്യക്തമാക്കി.






