
കൊച്ചി: രാത്രിയുടെ യാമങ്ങളില്‍ ആരാണ് പെരിയാറില്‍ വിഷം കലര്‍ത്തുന്നത്? മത്സ്യങ്ങളുടെ കൂട്ടക്കുരുതിക്കു പിന്നില്‍ വ്യവസായശാലകള്‍ മാത്രമാണോ? മലിനീകരണ നിയന്ത്രണത്തിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ നിയന്ത്രിത സംവിധാനങ്ങളും നൂറിലേറെ കമ്പനികളും ചേര്‍ന്നാണോ കൂട്ടക്കുരുതിക്ക് കളമൊരുക്കുന്നത്? ഓരുവെള്ളം പെരിയാറിലേക്കു കയറുന്നത് തടയാതെ നോക്കി നില്ക്കുന്ന ജലസേചന വകുപ്പിന്റെ പങ്കെന്താണ്?
ചോദ്യങ്ങള്‍ നിരവധിയാണ്
കാല്‍നൂറ്റാണ്ടു മുമ്പാണ്, പര്‍വതനിരയുടെ പനിനീരെന്ന് കവി വാഴ്ത്തിയ പെരിയാറില്‍ വ്യാപകമായി മത്സ്യങ്ങളുടെ കൂട്ടമരണം നടന്നത്. 1998-ലായിരുന്നു അത്. അന്ന് ഇത്രയേറെ വ്യവസായശാലകള്‍ പെരിയാറിന്റെ കരയില്‍ ഉയര്‍ന്നിട്ടില്ല. മത്സ്യങ്ങള്‍ ചത്തുമലച്ചതിനു കാരണം കണ്ടെത്താന്‍ നടത്തിയ രാസപരിശോധനയില്‍, പ്രതി രാസവള നിര്‍മാണശാലയായ എഫ്.എ.സി.ടിയാണെന്നു തെളിഞ്ഞു. സള്‍ഫ്യൂരിക് ആസിഡും അമോണിയയും കലര്‍ന്ന ജലം പെരിയാറിലേക്ക് കണക്കിലേറെ ഒഴുക്കിവിട്ടതായി പരിശോധനയില്‍ കണ്ടെത്തി. ഇതിനു കാരണക്കാരായ ഫാക്ടിലെ മൂന്ന് ഉദ്യോഗസ്ഥരെ നിയമത്തിനു മുന്നിലെത്തിക്കാന്‍ അന്നത്തെ പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനങ്ങള്‍ക്കു കഴിഞ്ഞു. പത്തു വര്‍ഷത്തോളം നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് കോടതി ഈ ഉദ്യോഗസ്ഥര്‍ക്ക് തടവുശിക്ഷ വിധിച്ചത്. പെരിയാറിലെ വര്‍ഷാവര്‍ഷമുള്ള മത്സ്യക്കുരുതികളുടെ പേരില്‍ ഇന്നോളം മറ്റൊരു പരാതിയിലും ഒരു ഉദ്യോഗസ്ഥനും ശിക്ഷിക്കപ്പെട്ടിട്ടില്ല.
കേവലം മാധ്യമ വാര്‍ത്തകളായി, പ്രാദേശിക പ്രതിഷേധങ്ങളായി അവ കെട്ടടങ്ങുകയാണു പതിവ്. ആയിരത്തിലധികം തവണ പെരിയാറില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയിട്ടുണ്ടെന്നാണു കണക്ക്. ഒന്നില്‍പ്പോലും ആരും ശിക്ഷിക്കപ്പെട്ടില്ല. 1998 മുതല്‍ എല്ലാവര്‍ഷവും പത്തിലേറെ തവണ പെരിയാറില്‍ മത്സ്യക്കുരുതി നടക്കാറുണ്ട്. 2017 മത്സ്യക്കുരുതിക്ക് റെക്കോഡിട്ട വര്‍ഷമാണെന്ന് പെരിയാര്‍ മലിനീകരണ വിരുദ്ധ സമിതിയുടെ റിസര്‍ച്ച് കോ-ഓര്‍ഡിനേറ്ററായ പുരുഷന് ഏലൂര്‍ 'മംഗള'ത്തോടു പറഞ്ഞു.
അക്കൊല്ലം 36 പ്രാവശ്യമാണ് പെരിയാര്‍ ദുരന്തക്കാഴ്ച സമ്മാനിച്ചത്. 2018-ല്‍ പ്രളയത്തില്പ്പെട്ടതിനാല് മറ്റൊന്നും സംഭവിച്ചില്ല. തുടര്‍ന്ന് എല്ലാവര്‍ഷവും കുരുതി ആവര്‍ത്തിച്ചു. ഇക്കൊല്ലം ഈ അഞ്ചുമാസത്തിനിടെ ഒന്‍പതാമത്തെ പ്രാവശ്യമാണ് ഇക്കഴിഞ്ഞ ദിവസത്തെ ചത്തൊടുങ്ങല്‍ നടന്നത്. ഇത്രയേറെ മത്സ്യങ്ങള്‍ ചത്തതിന്റെ പേരില്‍ ഇപ്രാവശ്യം മാധ്യമശ്രദ്ധകിട്ടി എന്നുമാത്രം.
ഇപ്പോള്‍ പെരിയാറിന്റെ കരയില്‍ 286 കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ 106 കമ്പനികളും റെഡ് കാറ്റഗറിയില്‍ വരുന്നവയാണ്. രാസമാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഏറ്റവും അപകടകാരികളായ കമ്പനികളാണ് റെഡ് കാറ്റഗറിയില്പ്പെടുക. ഇപ്രാവശ്യത്തെ മത്സ്യക്കുരുതിക്കുപിന്നില് പാതാളം റെഗുലേറ്റര്‍ കം ബ്രിഡ്ജ് കൂടിയാലോചനയില്ലാതെ തുറന്നതാണ് കാരണമെന്ന് ഒരു വാദമുണ്ട്.
ബണ്ടിനുമുകളില്‍ കെട്ടിനില്‍ക്കുന്ന ഓരുവെള്ളം പരിശോധിച്ച് പുഴയ്ക്ക് ഇരുവശവും താമസിക്കുന്ന മത്സ്യതൊഴിലാളികള്‍ക്കു മുന്നറിയിപ്പ് നല്‍കേണ്ടത് ജലസേചനവകുപ്പായിരുന്നുവെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ആരോപിക്കുന്നു. തുറന്നുവിടും മുന്‍പ് ബോര്‍ഡിനെ അറിയിച്ചില്ല. ഷട്ടര്‍ തുറന്നപ്പോള്‍ ഉപ്പുവെള്ളവുമായി കലര്‍ന്ന് ഓക്സിജന്റെ അളവ് പെട്ടെന്ന് കുറഞ്ഞതാണോ അതോ രാസമാലിന്യം കലര്‍ന്നതാണോ ദുരന്തത്തിനു കാരണമെന്ന് ശേഖരിച്ച സാമ്പിളിന്റെ പരിശോധനാഫലം വന്നാലേ വ്യക്തമാകൂ.
ബണ്ടിനുമുകളിലുള്ള അഞ്ചോളം കമ്പനികളും താഴെയുള്ള രണ്ടുകമ്പനികളുമാണ് സംശയനിഴലിലെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. സാമ്പിള്‍ പരിശോധനയില്‍ പ്രത്യേക ഗുണമുണ്ടാകുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ കരുതുന്നില്ല. മലിനീകരണ നിയന്ത്രണബോര്‍ഡ് സാമ്പിള്‍ ശേഖരിച്ചത് വളരെ വൈകിയാണ്. മത്സ്യക്കുരുതി നടന്നയുടനെ പ്രോട്ടോക്കോള്‍ പ്രകാരമുള്ള സാമ്പിളിങ് നടന്നിട്ടില്ല. ബോര്‍ഡ് അലസമായാണ് ഇടപെട്ടതെന്നും ആക്ഷേപമുണ്ട്. സംഭവത്തിനു ശേഷം ചൂണ്ടിക്കാണിക്കപ്പെട്ട കമ്പനികളിലെത്തി പരിശോധന നടത്താന്‍ പോലും ഉദ്യോഗസ്ഥര്‍ തയാറാകാത്തത് ദുരൂഹമാണ്. ലാഘവത്തോടെ ഇതിനെ കൈകാര്യം ചെയ്യുന്നതിന് തെളിവാണ്, മാലിന്യമൊഴുക്കിയ ദിവസം അത് നേരില്‍ച്ചെന്ന് പരാതിയായി അറിയിച്ചിട്ടും ബോര്‍ഡ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്താതിരുന്നത്. സാമ്പിള്‍ എടുത്തത് മണിക്കൂറുകള്‍ കഴിഞ്ഞാണ്.
അതിനിടെ, സംരംഭകരുടെ നൂറിലേറെ മത്സ്യക്കൂടുകള്‍ പൂര്‍ണമായി നശിച്ചു. പ്രദേശത്തെ ഇരുപതിലേറെ ചെമ്മീന്‍കെട്ടുകളില്‍ രാസമാലിന്യം കലര്‍ന്നതായി ഫിഷറിസ് വകുപ്പും സ്ഥിരീകരിച്ചു. വരാപ്പുഴ മേഖലയിലാണ് കൂടുതല്‍ മത്സ്യങ്ങള്‍ ചത്തത്. മീനിന്റെ സാമ്പിളുകള്‍ കുഫോസില്‍ പരിശോധിക്കുന്നു. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ടു നല്കാന് ജില്ലാ കലക്ടര്‍ ഉത്തരവിടുന്നു. അഞ്ചംഗ സമിതിയോട് അന്വേഷണ റിപ്പോര്‍ട്ടു നല്കാന് ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ ആവശ്യപ്പെടുന്നു.
ശക്തമായ മഴക്കാലം എടയാര്‍-ഏലൂര്‍ വ്യവസായ മേഖലയില്‍ മാലിന്യം കടലിലേക്ക് ഒഴുക്കാനുള്ള സീസണായാണ് കമ്പനികള്‍ കാണുന്നത്. ഇതു കണക്കാക്കി ജാഗ്രത പുലര്‍ത്തേണ്ടത് മലിനീകരണ നിയന്ത്രണ ബോര്‍ഡാണ്. മുന്‍ മാസങ്ങളില്‍ പെരിയാറിലെ വെള്ളത്തിന്റെ ഗുണനിലവാരം എത്രയായിരുന്നുവെന്ന് അറിഞ്ഞാല്‍ മാത്രമേ ഇനി തുടര്‍നടപടികള്‍ക്ക് സാധ്യതയുള്ളൂ. അല്ലെങ്കില്‍ ഈ മത്സ്യക്കുരുതിയുടെ പേരിലുള്ള അന്വേഷണവും വെറും പ്രഹസനമായി മാറും. പെരിയാര്‍ മത്സ്യക്കുരുതിയില്‍ വിവിധ വകുപ്പുകള്‍ തമ്മില്‍ ആശയവിനിമയത്തില്‍ പാളിച്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നാണ് ഏറ്റവുമൊടുവില്‍ സര്‍ക്കാരിന്റെ നിലപാട്.






