
തിരുവനന്തപുരം: കേരളത്തില്‍ മൂന്നു മുന്നണികള്‍ മത്സരിക്കുന്ന അവസാനത്തെ നിയമസഭാ തെരഞ്ഞെടുപ്പാണു പൂര്‍ത്തിയായതെന്നു ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഭാവിതെരഞ്ഞെടുപ്പുകളില്‍ ഒരുവശത്ത് എന്‍.ഡി.എയും മറുവശത്ത് സി.പി.എം.-കോണ്‍ഗ്രസ് സഖ്യവുമാകും ഏറ്റുമുട്ടുകയെന്നും അദ്ദേഹം പറഞ്ഞു.
ഒരുമാസത്തെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ 140 സീറ്റിലും ജനവിശ്വാസം നേടാന്‍ എന്‍.ഡി.എ. പരിശ്രമിച്ചു. അതിനു ഫലമുണ്ടായോ എന്ന് മേയ് നാലിന് അറിയാം. നമ്മുടെയും കുട്ടികളുടെയും ഭാവി തീരുമാനിക്കുന്ന തെരഞ്ഞെടുപ്പെന്ന നിലയില്‍ ജനം വീക്ഷിച്ചതോടെയാണ് വോട്ടിങ് ശതമാനം ഉയര്‍ന്നത്. എത്ര സീറ്റ് കിട്ടുമെന്ന ചോദ്യത്തിന് 140നു മുകളില്‍ കിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ തമാശരൂപേണ പറഞ്ഞു.
മൂന്നു മുന്നണികള്‍ മത്സരിക്കുന്ന അവസാനത്തെ തെരഞ്ഞെടുപ്പാകും ഇതെന്നു ജനത്തിനു മനസിലായി. ഇനി ഇവിടെ രണ്ടു മുന്നണികള്‍ തമ്മിലുള്ള മത്സരമാകും നടക്കുന്നത്. കേരളം ഒഴികെയുള്ള 27 സംസ്‌ഥാനങ്ങളിലും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും ഇപ്പോഴുള്ള ഇന്ത്യാ മുന്നണി 2031-ലെ തെരഞ്ഞെടുപ്പില്‍ കേരളത്തിലും വരുമെന്നതില്‍ സംശയമില്ല. കാരണം കോണ്‍ഗ്രസും സി.പി.എമ്മും തമ്മില്‍ ഒരു വ്യത്യാസവുമില്ല- രാജീവ് ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടി.
ഭരണം നിയന്ത്രിക്കുന്നത് ആരായിരിക്കണമെന്നു തീരുമാനിക്കുന്ന ശക്‌തിയായി ബി.ജെ.പി. മാറുമെന്നു പറയാനില്ല. അങ്ങനെ അഹങ്കാരത്തോടെ പൂട്ടും താക്കോലുമായി നടക്കുന്ന പാര്‍ട്ടിയോ മുന്നണിയോ അല്ല. അത് അവര്‍ ചെയ്യട്ടെ. ഞങ്ങള്‍ ഞങ്ങളുടെ അഭിപ്രായം പറയും. ഒരു മാറ്റം ഉറപ്പാണ്. അത് എങ്ങനെയായിരിക്കുമെന്നും എന്‍.ഡി.എയ്‌ക്ക് അതില്‍ ജനം കല്‍പ്പിച്ചു നല്‍കുന്ന റോള്‍ എത്രത്തോളമുണ്ടെന്നും ഫലം വരുമ്പോള്‍ അറിയാം. നേമത്ത് ഉള്‍പ്പെടെ നന്നായി അധ്വാനിച്ചിട്ടുണ്ട്. ഒരു അവസരം നല്‍കിയാല്‍ എന്തു ചെയ്യുമെന്ന് ജനങ്ങളെ ധരിപ്പിച്ചു. ബാക്കി തീരുമാനിക്കേണ്ടത് വോട്ടര്‍മാരാണ്- രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.






