
കൊച്ചി: റോഡ് നന്നാക്കാമെന്ന് വാഗ്‌ദാനം നല്‍കി മൂന്നു ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ കൊച്ചി മേയര്‍ വി.കെ മിനിമോളെ പ്രതിരോധത്തിലാക്കി രേഖകള്‍ പുറത്ത്. 2019 ഫെബ്രുവരി 13ന് റോഡ് പ്രവൃത്തിക്കായുള്ള തുക കൈമാറണം എന്നാവശ്യപ്പെട്ട് ഫ്‌ളാറ്റ് നിര്‍മ്മാണ കമ്പനിക്ക് മിനിമോള്‍ നല്‍കിയ കത്ത് പുറത്തുവന്നു.
ഇതുപ്രകാരം മൂന്നു ലക്ഷം രൂപയുടെ ചെക്ക് കൈമാറിയെന്ന് വ്യക്‌തമാക്കുന്ന കമ്പനിയുടെ രേഖയും പുറത്തുവന്നു. മിനിമോള്‍ സ്വന്തം അക്കൗണ്ടിലേക്ക് പണം വാങ്ങിയതായും പിന്നീട് പിടിവീഴുമെന്ന് ഉറപ്പായപ്പോള്‍ തുക മടക്കി നല്‍കിയെന്നും വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ടിലുമുണ്ട്.വി.കെ മിനിമോള്‍ പാലാരിവട്ടം ഡിവിഷന്‍ കൗണ്‍സിലറായിരിക്കെ 2018- 2019 കാലയളവിലായിരുന്നു കേസിനാസ്‌പദമായ സംഭവം.
ഇവര്‍ക്കെതിരെ അന്വേഷണം വേണമെന്നും ഇതിനായി അഴിമതി നിരോധന നിയമം വകുപ്പ് 19 പ്രകാരം സര്‍ക്കാരിന്റെ പ്രോസിക്യൂഷന്‍ അനുമതി തേടാനും മൂവാറ്റുപുഴ വിജിലന്‍സ് കോടതി അടുത്തിടെ ഉത്തരവിട്ടിരുന്നു. മിനിമോള്‍ പണം വാങ്ങിയതിന് തെളിവുകളുണ്ടെന്നും ഔദ്യോഗികപദവി ദുരുപയോഗം ചെയ്‌തെന്നും ഉത്തരവിലുണ്ടായിരുന്നു. പിരിച്ചെടുത്ത പണം നിര്‍മ്മാണത്തിന് ചെലവഴിച്ചിട്ടില്ലെന്നും പരാതി ഉയര്‍ന്നപ്പോള്‍ തുക തിരികെ നല്‍കിയെന്ന വാദം നിലനില്‍ക്കില്ലെന്നും വിജിലന്‍സ് കോടതി വ്യക്‌തമാക്കിയിരുന്നു.
പാലാരിവട്ടം പെരിങ്ങാട്ട് റസിഡന്റ്‌സ് പ്രദേശത്ത് ഫ്‌ളാറ്റ് നിര്‍മാണത്തിന് കളവത്ത് ക്രോസ് റോഡിലൂടെ നിര്‍മ്മാണസാമഗ്രികള്‍കൊണ്ടുപോകുമ്പോള്‍ റോഡ് നശിക്കുമെന്ന് ആശങ്ക ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് റോഡ് തകര്‍ന്നാല്‍ നന്നാക്കാന്‍ അഞ്ചുലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായി നിര്‍മ്മാണ കമ്പനി നല്‍കി. റോഡിന് കേടുപാടുണ്ടായപ്പോള്‍ മിനിമോളുടെ നിര്‍ദേശപ്രകാരം റസിഡന്റ്‌സ് അസോസിയേഷന്‍ യോഗം ചേര്‍ന്നു.
റോഡ് പുനര്‍നിര്‍മ്മിക്കാമെന്നും ജോലികള്‍ കോര്‍പറേഷന്‍ കരാറുകാര്‍വഴി നടത്താമെന്നും മിനിമോള്‍ ഉറപ്പുനല്‍കി. നിര്‍മ്മാണകമ്പനി നല്‍കിയ തുക കൈമാറാനും ആവശ്യപ്പെട്ടു.
തുടര്‍ന്ന് മൂന്നു ലക്ഷം രൂപ അസോസിയേഷന്‍ മിനിമോള്‍ക്ക് കൈമാറുകയായിരുന്നു. കരാറുകാരന്‍ അറ്റകുറ്റപ്പണി നടത്തി. എന്നാല്‍, മുഴുവന്‍ ചെലവും കോര്‍പറേഷനാണ് വഹിച്ചതെന്നും മിനിമോള്‍ പണം വിനിയോഗിച്ചിട്ടില്ലെന്നും വ്യക്‌തമായതോടെ റസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി കോടതിയെ സമീപിക്കുകയായിരുന്നു.






