
ബാര്ഉടമയുടെ ശബ്ദരേഖയെ സര്‍ക്കാര്‍ ഗൗരവത്തില്‍ കാണുന്നെന്നും അതിനെ ശക്തമായി നേരിടുമെന്നും എക്സൈസ് മന്ത്രി എം.ബി. രാജേഷ്. സംഭവത്തില്‍ ഗൂഡാലോചന നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും. മദ്യനയത്തില്‍ പ്രാരംഭചര്ച്ചകള് പോലും നടന്നിട്ടില്ലെന്നും അതിന്റെ പേരില്‍ ആരെങ്കിലും ഗൂഡാലോചന നടത്തുന്നുണ്ടെങ്കില്‍ സര്‍ക്കാര്‍ കര്‍ശനമായ നടപടിയെടുക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
മദ്യനയത്തില്‍ ചില കാര്യം നടപ്പാക്കാം എന്ന പേരില്‍ ആരെങ്കിലും പണപ്പിരിവിന് ശ്രമിക്കുന്നുണ്ടെങ്കില്‍ അത് സര്‍ക്കാര്‍ വെച്ചു പൊറുപ്പിക്കുകയില്ല. ശക്തമായ നടപടി ഇക്കാര്യത്തില്‍ എടുക്കുമെന്നും ഇത്തരം തെറ്റായ പ്രവണതയെ പ്രോത്സാഹിപ്പിക്കില്ലെന്നും പറഞ്ഞു. സാധാരണ ജനുവരി ഫെബ്രുവരി മാസങ്ങളിലാണ് മദ്യനയത്തെക്കുറിച്ചുള്ള ചര്‍ച്ച നടക്കുക. ഇത്തവണ തെരഞ്ഞെടുപ്പ്് കാരണം നീണ്ടുപോയി. എന്നിരുന്നാലും ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ല. എന്നാല്‍ മാധ്യമങ്ങളില്‍ വരാന്‍ പോകുന്ന മദ്യനയത്തെക്കുറിച്ച് വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇത് എങ്ങിനെയാണ് സംഭവിക്കുന്നതെന്ന് സര്‍ക്കാരിന് അറിയില്ലെന്നും മന്ത്രി പറഞ്ഞു.
ബാര്‍ ഉടമകളുടെ സംഘടനയായ ഫെഡറേഷന് ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന് ഇടുക്കി ജില്ലാ പ്രസിഡന്റും സംഘടനയുടെ വൈസ് പ്രസിഡന്റുമായ അനിമോന്റെ വാട്സാപ്പ് ശബ്ദസന്ദേശം പുറത്തുവന്നതാണ് വിവാദമായിരിക്കുന്നത്. മദ്യനയത്തിലെ ഇളവിന് പകരമായി പണം നല്‍കണം എന്ന് വ്യക്തമാക്കി പണപ്പിരിവ് നിര്‍ദേശിക്കുന്നതാണ് ശബ്ദസന്ദേശത്തിലുള്ളത്. ഡ്രൈ ഡേ ഒഴിവാക്കാനും ബാര്‍ സമയം കൂട്ടാനും ഒരാള്‍ രണ്ടര ലക്ഷം രൂപ നല്‍കണമെന്നാണ് ശബ്ദരേഖയിലൂടെ അനുമോന് ആവശ്യപ്പെടുന്നത്.
ഡ്രൈ ഡേ ഒഴിവാക്കാനും ബാറുകളുടെ സമയം കൂട്ടല്‍ അടക്കം ബാറുടമകളുടെ ആവശ്യങ്ങള്‍ പരിഗണിച്ചുള്ള പുതിയ മദ്യനയത്തിന് തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ശബ്ദ സന്ദേശം പുറത്തു വരുന്നത്. ബാര്‍ ഉടമകളുടെ സംഘടനയുടെ എക്സ്ക്യൂട്ടിവ് യോഗം ഇന്നലെ കൊച്ചിയില്‍ ചേര്‍ന്നിരുന്നു. യോഗസ്ഥലത്ത് നിന്നാണ് ശബ്ദസന്ദേശം അയയ്ക്കുന്നതെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നുണ്ട്.






