
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് എല്ലായ്പ്പോഴും വന്‍ വിവാദമായി മാറാറുള്ള ബംഗാളില്‍ ബങ്കുര ജില്ലയില്‍ ബിജെപി ടാഗുള്ള ഇവിഎമ്മുകള്‍ ഉപയോഗിച്ചെന്ന് ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. ട്വിറ്ററില്‍ ഇ.വി.എമ്മിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് എക്സില്‍ പാര്‍ട്ടി നടത്തിയ പോസ്റ്റിന് മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന് രംഗത്ത് വന്നു.
ബി.ജെ.പി എന്നെഴുതിയ പേപ്പര്‍ ടാഗുകളുള്ള രണ്ട് ഇ.വി.എമ്മുകളുടെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി എക്സില്‍ പോസ്റ്റ് ചെയ്തു, 'ഇവിഎമ്മുകളില്‍ കൃത്രിമം കാണിച്ച് വോട്ട് ചോര്‍ത്താന്‍ ബിജെപി ശ്രമിക്കുന്നതെങ്ങനെ' എന്ന രീതിയിലായിരുന്ന പോസ്റ്റ്. ഇന്ന് ബാങ്കുരയില്‍ രഘുനാഥ്പൂര്‍, 5 ഇവിഎമ്മുകളില്‍ ബിജെപി ടാഗുകള്‍ കണ്ടെത്തി എന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അത് പരിശോധിച്ച് തിരുത്തല്‍ നടപടി സ്വീകരിക്കണം എന്നും പോസ്റ്റ് കൂട്ടിച്ചേര്‍ത്തു.
ഇതിന് മറുപടിയുമായി ഉടന്‍ തെരഞ്ഞെടുപ്പ് കമ്മീഷനും വന്നു. കമ്മീഷനിംഗ് സമയത്ത് പൊതു വിലാസ ടാഗുകളില്‍ സ്ഥാനാര്‍ത്ഥികളും അവരുടെ ഏജന്റുമാരും ഒപ്പിട്ടിരുന്നു. ആ സമയത്ത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ പ്രതിനിധി മാത്രമേ കമ്മീഷനിംഗ് ഹാളില്‍ ഉണ്ടായിരുന്നുള്ളൂ എന്നതിനാല്‍ കമ്മീഷനിംഗ് സമയത്ത് അദ്ദേഹത്തിന്റെ ഒപ്പ് എടുക്കുകയും ചെയ്തു. പോളിംഗ് സ്റ്റേഷന് നമ്പര്‍ 56,58, 60, 61,62 എന്നിവയില്‍ ഉണ്ടായിരുന്ന എല്ലാ ഏജന്റുമാരുടെയും ഒപ്പ് വോട്ടെടുപ്പ് സമയത്ത് ലഭിച്ചു. കമ്മീഷനിംഗ് സമയത്ത് എല്ലാ തെരഞ്ഞെടുപ്പ് കമ്മീഷന് മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചു, പൂര്‍ണ്ണമായും സിസിടിവി കവറേജില്‍ ചെയ്തു, ശരിയായി വീഡിയോഗ്രാഫ് ചെയ്തു. അത് കൂട്ടിച്ചേര്‍ത്തു.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടമായ പശ്ചിമ ബംഗാളിലെ എട്ട് ലോക്സഭാ സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. കഴിഞ്ഞ തവണ 18 സീറ്റുകള്‍ നേടി കിഴക്കന്‍ സംസ്ഥാനത്ത് മികച്ച പ്രകടനം കാഴ്ചവെച്ച ബിജെപി ഇത്തവണ സ്കോര്‍ വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. തൃണമൂലാകട്ടെ, 2019ലെ തെരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട സീറ്റുകളില്‍ ചിലത് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്.






