
77-മത് കാന്‍സ് ചലച്ചിത്ര മേള ഇന്ത്യക്കാർക്ക് മാത്രമല്ല കേരളീയർക്കും അഭിമാനനിമിഷങ്ങളാണ് നൽകിക്കൊണ്ടിരിക്കുന്നത്. കനി കുസൃതിയും ദിവ്യ പ്രഭയും പായല്‍ കപാഡിയയും ഒരുമിച്ചെത്തിയ ക്യാൻ ചലച്ചിത്ര മേള ഇന്ത്യ മുഴുവന്‍ ഇന്ന് ആഘോഷമാക്കുകയാണ്. ഓള് വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രത്തിന് ചലച്ചിത്ര മേളയിലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ഗ്രാന്‍ പ്രിക്സ് പുരസ്കാരം ലഭിച്ചിരുന്നു. പായല്‍ കപാഡിയ സംവിധാനം ചെയ്ത ചിത്രം ഹിന്ദിയിലും മലയാളത്തിലുമായാണ് ഒരുക്കിയത്.
വേദിയില്‍ സിനിമ പ്രദര്ശിപ്പിക്കപ്പെട്ടപ്പോള് എട്ട് മിനിട്ടോളമാണ് കാണികളില്‍ നിന്ന് നിലയ്ക്കാത്ത കൈയ്യടി ഉയര്‍ന്നതും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ചിത്രത്തില്‍ അസീസ് നെടുമങ്ങാടും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
ഇപ്പോഴിതാ കാനിലെ ചലച്ചിത്ര വേദിയില്‍ തനിക്കും പോകാന്‍ അവസരമുണ്ടായിരുന്നു എന്നാല്‍ അതിന് പോകാന്‍ സാധിച്ചില്ലെന്ന് പറയുകയാണ് അസീസ്.
"ടോവിനോയുടെ സിനിമയുടെ ലൊക്കേഷനില്‍ ടൊവിനോട് വെറുതേ തമാശ പറയുന്നതിനിടയിലാണ് അടുത്തത് ഒരു ഹിന്ദി സിനിമയിലാണ് അഭിനയിക്കുന്നത് എന്ന് പറയുന്നത്. പായല്‍ കപാഡിയയുടെ സിനിമയാണെന്ന് പറഞ്ഞു. പായല്‍ കപാഡിയ ആരാണെന്ന് എനിക്ക് സത്യസന്ധമായും അറിയില്ല. ഇത് പറയുമ്പോൾ അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ആയിരുന്നു. ഈ സമയം അവിടെ ബോംബെയില്‍ നിന്നുള്ള ചില ആര്‍ടിസ്റ്റുകളുണ്ടായിരുന്നു.
അവര്‍ ചോദിച്ചു, പായല്‍ കപാഡിയയുടെ ചിത്രത്തിലോ എന്ന്. അറിയുമോ എന്ന് ചോദിച്ചപ്പോള്‍, അയ്യോ ഏത് റോളാണ് ചേട്ടാ എന്നാണ് തിരിച്ച് ചോദിച്ചത്. അതില്‍ ഒരു ഡോക്ടര്‍ മനോജിന്റെ കാരക്ടര്‍ ആണ്. ഇത് കേട്ടിട്ട് വേറെ ഒരു പയ്യന് പറഞ്ഞു, ചേട്ടാ, ആ ഒരു കാരക്ടറിന് വേണ്ടി ഒന്നര വര്‍ഷം അവര്‍ ഓഡീഷന് ചെയ്യുന്നുണ്ടായിരുന്നു. ഇത് കേട്ടപ്പോള്‍ ആ കാരക്ടറിന് വേണ്ടി ഒന്നര വര്‍ഷം ഓഡീഷനോ എന്ന് തന്നെയാണ് തിരിച്ച് ചോദിച്ചത്...
അവര്‍ മലയാളത്തിലെ പലരെയും നോക്കിയിരുന്നു. പക്ഷെ ഇത് കേട്ടപ്പോള്‍ ഞാന്‍ ഉറപ്പിച്ചു, ഞാന്‍ പോയിട്ട് കാര്യമില്ലെന്ന്. പക്ഷെ പായല്‍ എന്നെ വീണ്ടും വിളിച്ചു കൊണ്ടിരുന്നു. അവരുടെ മനസിലെ ഡോക്ടര്‍ മനോജിന്റെ കാരക്ടര്‍ ഞാന്‍ തന്നെ ചെയ്യണം എന്ന് പറഞ്ഞു. ദൈവാനുഗ്രഹമായിട്ടാണ് കാണുന്നത്.
ഹിന്ദി അറിയാത്ത മലയാളി ഡോക്ടറുടെ വേഷമായിരുന്നു. അതുകൊണ്ട് തന്നെ അഭിനയിക്കേണ്ടി വന്നില്ല എന്നതാണ്. ചിത്രത്തില്‍ ലൈറ്റ്, ക്യാമറ തുടങ്ങി എല്ലാം ചെയ്തിരിക്കുന്നത് ഇംഗ്ലീഷുകാരാണ്. അതുകൊണ്ട് ഞാന്‍ ഒരക്ഷരം ആരുടെയും അടുത്ത് മിണ്ടുകയും സംസാരിക്കുകയും ഒന്നും ചെയ്തിട്ടില്ല. പായല്‍ കാനിലേക്ക് വരണം എന്ന് എന്നോട് പറഞ്ഞിരുന്നു. കോട്ടും സ്യൂട്ടും ഒക്കെ ആയി നില്‍ക്കണം എന്ന് പറഞ്ഞതാണ്.
പക്ഷെ എനിക്ക് ആറ് മാസം മുന്നെ അഡ്വാന്‍സ് വാങ്ങിച്ച സിനിമയില്‍ അഭിനയിക്കണമായിരുന്നു. എന്തായാലും അവര്‍ പോയി വരട്ടെ എന്നാണ് ചിന്തിച്ചത്. അവാര്‍ഡ് പ്രതീക്ഷിച്ചിട്ടില്ല. പക്ഷെ സെലക്ഷന് കിട്ടിയല്ലോ. കനി തിരിച്ചുവരാന്‍ നില്‍ക്കുമ്പോഴാണ് കമ്മിറ്റിയില്‍ നിന്ന് വിളിച്ചു പറയുന്നത് പോകണ്ട ഒരു ദിവസം കൂടി കഴിഞ്ഞിട്ട് പോയാല്‍ മതിയെന്ന്.
അപ്പോഴാണ് എന്തോ ഉണ്ടെന്ന് അവര്‍ക്കും മനസിലായത്. സത്യമായും കാനിന്റെ വാല്യു എന്താണെന്ന് എനിക്ക് അറിയില്ലായിരുന്നു. മമ്മൂക്ക ഇങ്ങോട്ട് മെസേജ് അയച്ചു, നീ എന്താടാ പോകാഞ്ഞത് എന്ന് ചോദിച്ചു. പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള ആളുകള്‍ പേര് മെന്‍ഷന്‍ ചെയ്ത് സ്റ്റോറി ഒക്കെ ഇട്ടു. കാണുമ്പോൾ ഒത്തിരി സന്തോഷമുണ്ട്... " അസീസ് നെടുമങ്ങാട് പറയുന്നു.






