
ബിഷെകെക്: കിര്‍ഗിസ്ഥാനില്‍ ചരക്ക് വിമാനം തകര്‍ന്ന് വീണ് 32 പേര് കൊല്ലപ്പെട്ടു. മരിച്ചവരില്‍ ഏറെയും പ്രദേശവാസികളാണ്. ഡച്ച-സൂ ഗ്രാമത്തിലാണ് വിമാനം തകര്‍ന്നുവീണത്. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. മരിച്ചവരില്‍ ഏറെയും കുട്ടികളാണ്. കിര്‍ഗിസ്താനിലെ പ്രധാന വിമാനത്താവളത്തില്‍ ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടെയാണ് അപകടം.
വിമാനത്തിലുണ്ടായിരുന്ന നാലു പൈലറ്റുമാരും മരിച്ചതായി കിര്ഗിസ്താന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഹോങ് കോംഗില്‍ നിന്നും ഇസ്താംബൂളിലേക്ക് പോയ ടര്‍ക്കിഷ് ബോയിംഗ് 747 വിമാനമാണ് ബിഷകെകിലെ മനാസ്് വിമാനത്തവളത്തില്‍ തകര്‍ന്നുവീണത്.
കനത്ത മൂടല്‍മഞ്ഞാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. തിങ്കളാഴ്ച രാവിലെ പ്രദേശിക സമയം 7.30 ഓടെയാണ് വിമാനം അപകടത്തില്‍പെട്ടത്. പതിനാല് വര്‍ഷത്തോളം പഴക്കമുള്ള വിമാനം മൈ കാര്‍ഗോ കമ്പനിയാണ് ഉപയോഗിച്ചിരുന്നത്. അപകടത്തെ തുടര്‍ന്ന് മനാസ് വിമാനത്താവളം അടച്ചു.






