
അപൂർവങ്ങളിൽ അപൂർവമായ രക്തഗ്രൂപ്പിലുള്ള ഒരു 30 -കാരിയുടെ ജീവൻ രക്ഷിക്കാൻ മഹാരാഷ്ട്രയിലെ ഷിർദ്ദിയിൽ നിന്നും ഒരാള്‍ സഞ്ചരിച്ചത് 400 കിലോമീറ്റര്‍.
ഷിർദിയിൽ പൂക്കച്ചവടം നടത്തുന്ന 36 -കാരനായ രവീന്ദ്ര എന്നയാളാണ് മെയ് 25 -ന് മധ്യപ്രദേശിലെ ഇൻഡോറിൽ എത്തി യുവതിക്ക് രക്തം നൽകിയത്. രക്തം സ്വീകരിച്ച ശേഷം യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു.
'രക്തദാനം നടത്തുന്നവരുടെ ഒരു വാട്ട്സാപ്പ് ഗ്രൂപ്പിലാണ് യുവതി ഗുരുതരാവസ്ഥയിലാണ് എന്ന് ഞാനറിഞ്ഞത്. ഒരു സുഹൃത്തിന്റെ കാറിൽ ഞാൻ ഇൻഡോറിലേക്ക് പുറപ്പെട്ടു. 440 കിലോമീറ്ററായിരുന്നു യാത്ര. ഒരാളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചു എന്നതിൽ വലിയ സന്തോഷം തോന്നി' എന്നാണ് രവീന്ദ്ര പറയുന്നത്.
ആവശ്യക്കാരായ അനേകം രോഗികൾക്ക് വേണ്ടി കഴിഞ്ഞ 10 വർഷത്തിനിടയിൽ താൻ മഹാരാഷ്ട്ര വിട്ട് പോയിട്ടുണ്ട് എന്നും ഗുജറാത്ത്, ഉത്തർ പ്രദേശ് തുടങ്ങി പലയിടങ്ങളിലും താൻ രോഗികൾക്ക് രക്തം നൽകിയെന്നും യുവാവ് പറയുന്നു.






