
ന്യൂഡല്‍ഹി: അതിവിപുലുമായ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് പരിസമാപ്തി കുറിച്ച് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ് ഇന്ന്. ഏഴ് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡിലെയും 57 ലോക്സഭാ മണ്ഡലങ്ങളിലേക്കാണ് ഇന്നു വോട്ടെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന യു.പിയിലെ വരാണസിയും ഇതിലുള്‍പ്പെടുന്നു.
തുടര്‍ച്ചയായി മൂന്നാം തവണയാണു മോദി വരാണസിയില്‍നിന്നു ജനവിധി തേടുന്നത്. ജൂണ്‍ നാലിനാണ് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം. ബിഹാര്‍, ഹിമാചല്‍ പ്രദേശ്, ഝാര്‍ഖണ്ഡ്, ഒഡീഷ, പഞ്ചാബ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവയാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍. ഒഡീഷയിലെ 42 നിയമസഭാ മണ്ഡലങ്ങളിലും ഇതോടൊപ്പം വോട്ടെടുപ്പ് നടക്കും.
പത്തുകോടിയിലേറെ വോട്ടര്‍മാരാണ് ഇന്നു ലോക്സഭാ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്താനുള്ളത്. 5.42 കോടി പുരുഷന്മാരും 4.82 കോടി സ്ത്രീകളും 3574 ഭിന്നലിംഗക്കാരും. 57 സീറ്റുകളില്‍ 13 എണ്ണം പട്ടികജാതി സംവരണ മണ്ഡലവും മൂന്നെണ്ണം പട്ടികവര്‍ഗ സംവരണ മണ്ഡലവുമാണ്.






