
കേരളത്തില്‍ ചരിത്രം രചിക്കാന്‍ ശക്തമായ ത്രികോണമത്സരം നടന്ന തൃശൂരില്‍ ജനം അവസരം കൊടുത്തത് സുരേഷ് ഗോപിക്ക്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ആദ്യ താമര തൃശൂരില്‍ വിടര്‍ന്നു. 74,686 വോട്ടു ഭൂരിപക്ഷത്തില്‍ 4,12,338 വോട്ടു നേടി. കടുത്ത മത്സരം കാഴ്ചവച്ച വിഎസ് സുനിൽ കുമാര്‍ 3,37,652 വോട്ടു നേടി. വടകരയില്‍നിന്ന് സര്‍പ്രൈസ് ലാന്‍ഡിംഗ് നടത്തിയ കെ. മുരളീധരന് 3,28,124 വോട്ടു നേടി മൂന്നാം സ്ഥാനമത്തയ്ക്ക് തള്ളപ്പെട്ടു. കോണ്‍ഗ്രസിനോട് ഉപചാരം ചൊല്ലി പിരിഞ്ഞ പദ്മജ ബിജെപിയില്‍ ചേക്കേറിയതോടെ തൃശൂര്‍ സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലമായി.
'തൃശൂര്‍ ഞാനെടുത്തിട്ടില്ല. അവരെനിക്ക് തന്നു. അതെന്റെ ഹൃദയത്തില്‍ വന്നിരിക്കുന്നു. ഇനി അതെടുത്ത് എന്റെ തലയില്‍ വക്കും. ഞാന്‍ എന്ത് കിരീടമാണോ ലൂര്‍ദ് മാതാവിന് കൊടുത്തത് അതുപോലൊരു കിരീടമായിട്ട് തൃശൂരിനെ ഞാനെന്റെ തലയില്‍ വയ്ക്കും. നെറ്റിപ്പട്ടം കെട്ടി തിടമ്പേറ്റി ഞാന്‍ കൊണ്ടു നടക്കും. വഞ്ചിക്കില്ല, ചതിക്കില്ല, പറഞ്ഞ വാക്കില്‍ നിന്ന് മാറില്ല, ഉറപ്പ്. ട്രോളിയവരൊക്കെ സമാധാനമായി ഉറങ്ങിക്കോട്ടെ' എന്നാണ് സുരേഷ് ഗോപി തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നശേഷം പറഞ്ഞത്.
'കേരളത്തിന് വേണ്ടി മൊത്തം നന്മ പ്രവര്‍ത്തനം ചെയ്യുന്ന വികസന പ്രവര്‍ത്തനം നടത്തുന്ന ഒരു എം.പിയായിട്ടായിരിക്കും തൃശൂരിലെ പ്രജാദൈവങ്ങളെന്നെ അവരോധിക്കുന്നത്. ഒരുപാട് സന്തോഷം. എന്റെ മുന്നില്‍ ഇടതും വലുതുമില്ല എന്റെ സഹസ്ഥാനാര്‍ഥികള്‍ വോട്ടര്‍മാര്‍ അത്രമാത്രം. ഇടതിലെയും വലതിലെയും രാഷ്ട്രീയത്തിലെ അതൃപ്തി എനിക്ക് വോട്ടായി ലഭിച്ചു. അതെന്റെ പാര്‍ട്ടിക്ക് കിട്ടിയതല്ല. അത് പാര്‍ട്ടിക്കും അറിയാം' എന്നും അദ്ദേഹം കൂട്ടിച്ചർത്തു.
1952 മുതല്‍ 2019 വരെ നടന്ന 17 തെരഞ്ഞെടുപ്പുകളില്‍ 10 പ്രാവശ്യവും വിജയം നേടിയത് ഇടതുപക്ഷമാണ്. ഏഴു തവണ കോണ്‍ഗ്രസും ജയിച്ചു. കേരള രാഷ്ട്രീയത്തില്‍ അതികായനായിരുന്ന ലീഡര്‍ കെ. കരുണാകരനെ വരെ തോല്‍പ്പിച്ച ചരിത്രമുണ്ട് തൃശൂരിന്. ലീഡറുടെ മകനും ഇവിടെനിന്ന് തോല്‍വിയുടെ കയ്പ്പുനീര് കുടിച്ചിട്ടുണ്ട്. രണ്ടുപേരെയും തോല്‍പ്പിച്ചത് ഒരാളാണ്. സി.പി.ഐ. നേതാവ് വി.വി. രാഘവന്. രണ്ടുതവണ സി.പി.എമ്മിനെയും സി.പി.ഐ. തോല്‍പ്പിച്ചിട്ടുണ്ട്.
ലോക് സഭാ തെരഞ്ഞെടുപ്പിലെ രണ്ടാമൂഴമാണു സുരേഷ്ഗോപിക്ക്. 2016 മുതല്‍ 2022 വരെ രാജ്യസഭയില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗമായിരുന്നു. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍നിന്നും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കൊല്ലത്താണു സുരേഷ് ഗോപിയുടെ ജനനം. അച്ഛന്: കെ. ഗോപിനാഥന് പിള്ള. അമ്മ: വി. ജ്ഞാനലക്ഷ്മി. കൊല്ലം ഫാത്തിമ മാതയില്നിന്ന് കോളജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1965 ല്‍ "ഓടയില്‍നിന്ന്" എന്ന സിനിമയില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് സിനിമയിലെ അരങ്ങേറ്റം. കലാകാരന് എന്ന നിലയില്‍ നാമ നിര്‍ദേശം ചെയ്യപ്പെട്ടാണ് രാജ്യസഭയില്‍ എത്തിയത്.കോളജ് വിദ്യാഭ്യാസ കാലത്ത് സജീവ എസ്.എഫ്.ഐ. പ്രവര്‍ത്തകനായിരുന്നു സുരേഷ് ഗോപി. നേരത്തെ കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരനുവേണ്ടിയും സുരേഷ് ഗോപി പ്രചാരണത്തിന് ഇറങ്ങിയിട്ടുണ്ട്. ആദ്യകാല നടി ആറന്മുള പൊന്നമ്മയുടെ പേരക്കുട്ടി രാധികയാണു സുരേഷ് ഗോപിയുടെ ഭാര്യ. തിരുവനന്തപുരം ശാസ്തമംഗലത്തെ വീട്ടിലാണു താമസം. അഞ്ച് മക്കള്‍. ഗോകുല്‍, ഭാഗ്യലക്ഷ്മി, മാധവ്, ഭാവ്നി. ലക്ഷ്മി ഒന്നരവയസുള്ളപ്പോള്‍ വാഹനാപകടത്തില്‍ മരിച്ചു.






