
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി കിട്ടിയതിന് പിന്നാലെ ഇടതുപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് സമസ്തയുടെ മുഖപത്രമായ സുപ്രഭാതവും. മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്ഷ്ട്യത്തില് തുടങ്ങി എസ്.എഫ്.ഐയുടെ അക്രമരാഷ്ട്രീയം വരെ നീളുന്ന എണ്ണിയെണ്ണി പറയാവുന്ന ഒരുപാട് ഘടകങ്ങളുടെ അനന്തരഫലമാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളം കാണിച്ചുകൊടുത്ത വിധിയെഴുത്തെന്ന് മുഖപ്രസംഗത്തില്‍ വിമര്‍ശിച്ചു. സിപിഐഎമ്മിനെ വിമര്‍ശിച്ചും ലീഗിനെ പുകഴ്ത്തി യുമാണ് ലേഖനം.
സുപ്രഭാതം ഇടതു അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കിടയിലാണ് മുഖപ്രസംഗം വന്നിരിക്കുന്നത്. തുടര്‍ തുടരണം നല്കിയ അധികാര ധാര്‍ഷ്ട്യം പ്രാദേശിക നേതാക്കളെ സാധാരണക്കാരില്‍ നിന്ന് അകറ്റി. ഓരോ ജനവിധിയും ഉയരത്തിലേക്കുള്ള കോണിപ്പടിയാകുന്നത് ലീഗിന്റെ മാത്രം സവിശേഷത എന്നും പറയുന്നു.
ഈ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാനത്ത് അടുത്തവര്‍ഷം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെയോ തൊട്ടടുത്ത വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെയോ ദിശാസൂചികയാണെന്ന് വിലയിരുത്താനാവില്ലെങ്കിലും ഒരുകാര്യം ഉറപ്പിച്ചു പറയാനാകും, ഭരണത്തിലുള്ള ഇടതുമുന്നണിയിലും നേതൃത്വം നല്കുന്ന സി.പി.എമ്മിലും ജനങ്ങള്‍ക്കുണ്ടായിരുന്ന വിശ്വാസത്തില്‍ വലിയ ഇടിവ് സംഭവിച്ചിരിക്കുന്നു. ജനമനസുകളില്‍നിന്ന് എന്തുകൊണ്ട് എല്‍.ഡി.എഫ് പിഴുതെറിയപ്പെട്ടു എന്നത് വിശകലന വിധേയമാക്കേണ്ടതാണ് എന്നും പറയുന്നുണ്ട്.






