
ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്ത്തിക്കൊപ്പം ഇരിക്കുന്ന ചിത്രം വൈറലായി മാറിയതിന് പിന്നാലെ വിവാദത്തില്‍ കുടുങ്ങിയ ദംഗല്‍ താരവും കശ്മീരി പെണ്‍കൊടിയുമായ സെയ്റാ വസിം മാപ്പു പറഞ്ഞു. ദംഗലില്‍ ഗീതാ ഫെഗോട്ടിന്റെ കൗമാരകാലം അവതരിപ്പിച്ച സെയ്റയെ മെഹ്ബൂബാ മുഫ്ത്തി 'കശ്മീരി റോള്‍ മോഡല്‍' എന്ന് വിശേഷിപ്പിച്ചത് സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ ട്രോളിന് കാരണമായിരുന്നു. വിമര്‍ശനം കടുത്തതോടെ മെഹ്ബൂബയെ തള്ളി തനിക്ക് പ്രേക്ഷകരാണ് വലുത് എന്ന് പറഞ്ഞായിരുന്നു ഇവര്‍ മാപ്പു പറഞ്ഞത്.
കശ്മീരിയാണോ ഇന്ത്യന്‍ ഏജന്റാകുന്നോ എന്നെല്ലാം ചോദിച്ചായിരുന്നു 16 കാരി സെയ്റയ്ക്കും മെഹ്ബൂബയെയും ആള്ക്കാര് ട്രോളിയത്. എന്നാല്‍ തന്നെ കശ്മീരി യുവതയുടെ റോള്‍ മോഡലായി അവതരിപ്പിച്ചിരിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു കാര്യം വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നെന്ന് പറഞ്ഞ് തുടങ്ങിയിരിക്കുന്ന കുറിപ്പില്‍ ആരെങ്കിലും തന്നെ ആ രീതിയില്‍ കാണണമെന്നോ പിന്തുടരണമെന്നോ തനിക്ക് താല്‍പ്പര്യമില്ലെന്ന് പറഞ്ഞിട്ടുണ്ട്. അത്തരം കാര്യങ്ങളില്‍ അഭിമാനിക്കുന്നില്ലെന്നും തന്നെ റോള്‍ മോഡലായി പരിഗണിക്കാന്‍ ആവശ്യപ്പെടുന്നത് ആ സമൂഹത്തെ ഇകഴ്ത്തലാണെന്നും ആ ഇകഴ്ത്തല്‍ മൊത്തം ഇകഴ്ത്തലായി മാറുമെന്നും സെയ്റ കുറിച്ചു.
സംഭവം ആരെയെങ്കിലൂം വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അവരോട് മാപ്പു പറയുന്നതായും അവര്‍ കൂറിച്ചു. അതേസമയം സെയ്റയ്ക്ക് പിന്തുണയുമായി ഗീതാഫഗോട്ട് രംഗത്തെത്തി. രാജ്യം മുഴുവന്‍ ഒപ്പമുള്ളപ്പോള്‍ സെയ്റ പേടിക്കേണ്ട കാര്യമില്ലെന്നും ഈ കാര്യത്തില്‍ സെയ്റ മാപ്പ് പറയേണ്ട കാര്യമില്ലെന്നും അവര്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഗീത ഒരു ടെലിവിഷന്‍ ചാനലില്‍ പറഞ്ഞു. മെഡലുകള്‍ നേടി രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയവരാണ് തങ്ങള്‍. തന്റെ വേഷം മനോഹരമാക്കാന്‍ ഏറെ കഷ്ടപ്പെട്ടയാളാണ് സെയ്റയെന്നും പറഞ്ഞു. ഒരു 16 കാരിയെക്കൊണ്ട് മാപ്പ് പറയിച്ച നടപടി ശരിയായില്ലെന്ന് മെഹ്ബൂബയെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയും വിമര്‍ശിച്ചിരുന്നു.






