
കൊല്ലം: മകളുടെ അഡ്മിഷന് കാര്യത്തില്‍ നാട്ടിലേക്ക് മടങ്ങാനിരിക്കെ മരണം വിളിച്ചു. കുവൈത്ത് തീപിടിത്തത്തില്‍ മരിച്ച കൊല്ലം സ്വദേശി ലൂക്കോസ് അടുത്ത മാസം നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു. നാട്ടിലേക്ക് വരാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയിരുന്നു.
'എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി പ്ലസ്ടു പാസായ മൂത്ത മകള്‍ ലിഡിയയുടെ നഴ്സിംഗ് അഡ്മിഷനായി അടുത്ത മാസം നാട്ടില്‍ വരാനിരിക്കുകയായിരുന്നു വെളിച്ചിക്കാല സ്വദേശി സാബു എന്ന ലൂക്കോസ്. 18 വര്‍ഷമായി കുവൈറ്റിലായിരുന്ന ഇദ്ദേഹത്തിന്റെ കുവൈത്തിലെ സുഹൃത്തുക്കള്‍ ലൂക്കോസിനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കുറച്ചുനേരത്തേക്ക് ലഭിച്ചിരുന്നു. അപ്പോള്‍ ലൂക്കോസ് അപകടത്തില്‍പ്പെട്ടില്ല എന്നായിരുന്നു ആദ്യം എല്ലാവരും കരുതിയത്. എന്നാല്‍ പിന്നീട് വിളിച്ചിട്ട് കിട്ടിയില്ല.
കുവൈത്തിലെ പ്രാദേശിക സമയം നാല് മണിക്കാണ് തീപിടിത്തമുണ്ടായത്. ഉച്ച കഴിഞ്ഞാണ് അദ്ദേഹം ആശുപത്രിയിലാണെന്ന വിവരം ലഭിച്ചത്. ആ സമയത്തും മരണം സ്ഥിരീകരിച്ചിരുന്നില്ല. പിന്നീടാണ് മരണവിവരം അറിഞ്ഞത്.'-ബന്ധു പറഞ്ഞു. മാതാപിതാക്കള്‍, ഭാര്യ ഷൈനി, മൂത്ത മകള്‍ 17കാരി ലിഡിയ, പത്തു വയസുകാരി ലൂയിസ് എന്നിവര്‍ അടങ്ങുന്നതായിരുന്നു ലൂക്കോസിന്റെ കുടുംബം.






