
തിരുവനന്തപുരം: സംസ്ഥാന പാർട്ടി രൂപീകരിക്കാൻ ഒരുങ്ങി ജെഡിഎസ് (ജനതാ ദൾ എസ്). പാർട്ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനത്തിനായി സംസ്ഥാന നേതൃയോഗം വിളിച്ചു. ഈ മാസം 18ന് തിരുവനന്തപുരത്താണ് യോഗം നടക്കുക. ജെഡിഎസ്, എൻഡിഎ സർക്കാരിന്റെ ഭാഗമായതോടെയാണ് സംസ്ഥാന എൻഡിഎ നേതൃത്വം പുതിയ പാർട്ടി രൂപീകരിക്കാൻ തീരുമാനിച്ചത്. ജെഡിഎസ്സിന് ദേശീയ നേതൃത്വവുമായി ബന്ധമില്ലെന്ന് സംസ്ഥാന ഘടകം നേരത്തെ വ്യക്തമാക്കിയിരുന്നു. സാങ്കേതികമായി ഇപ്പോഴും ദേശീയ പാര്‍ട്ടിയുടെ ഭാഗമാണ് കേരളത്തിലെ പാര്‍ട്ടി.
ജെഡിഎസ്സിന്റെ കേരള ഘടകമായി എൽഡിഎഫിൽ തുടരാൻ ആകില്ലെന്ന് സിപിഐഎം അറിയിച്ചിരുന്നു. ദേശീയ നേതൃത്വവുമായി സാങ്കേതികമായി ബന്ധം നിലനിൽക്കുകയാണെന്നതിനാൽ ഇത് മുന്നണിയിൽ തടസ്സമാകും. കര്‍ണ്ണാടകയിലെ പ്രജ്ജ്വൽ രേവണ്ണ വിവാദത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടി രൂപീകരണത്തെ കുറിച്ച് ജെഡിഎസ് സംസ്ഥാന ഘടകം ആലോചിച്ച് തുടങ്ങിയിരുന്നു. ഈ വിവാദം പാര്‍ട്ടിക്കേല്‍പ്പിച്ച കളങ്കം വലുതാണെന്ന നിഗമനത്തിലാണ് സംസ്ഥാന നേതൃത്വം. സംസ്ഥാന പാര്‍ട്ടി രൂപീകരിച്ച് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.
എംഎല്‍എ മാത്യു ടി തോമസും മന്ത്രി കെ കൃഷ്ണന്‍കുട്ടിയും കൂറുമാറ്റ നടപടി ഉള്ളതിനാല്‍ പുതിയ പാര്‍ട്ടിയില്‍ അംഗത്വം എടുത്തേക്കില്ല. ഇടതുമുന്നണിയിലെ ചെറു പാര്‍ട്ടികള്‍ ഒറ്റ പാര്‍ട്ടിയായി മാറണമെന്ന നിര്‍ദ്ദേശവും ചര്‍ച്ചയിലുണ്ട്. ജനതാദള്‍ എസ്, എന്‍സിപി, കേരള കോണ്‍ഗ്രസ് ബി, ആര്‍എസ്പി ലെനിനിസ്റ്റ് പാര്‍ട്ടികളുടെ ലയനം ആണ് പരിഗണയില്‍. ഇതിനായി ജനതാദള്‍ എസ്, എന്‍സിപി നേതൃത്വങ്ങള്‍ പ്രാഥമിക ചര്‍ച്ച നേരത്തെ തുടങ്ങിയിരുന്നു.






