
കൊച്ചി: ഇപ്പോള്‍ വിവാദത്തിനുള്ള സമയമല്ലെന്നും പിന്നീട് ചര്‍ച്ച ചെയ്യാമെന്നും മുഖ്യമന്ത്രി. കുവൈറ്റില്‍ തീപിടുത്തത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മരണമടഞ്ഞ സംഭവത്തില്‍ മൃതദേഹം വിദേശത്ത് നിന്നും കൊണ്ടുവരുന്ന കാര്യത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന് യാത്രാനുമതി നിഷേധിച്ച സംഭവം പിന്നീട് ചര്‍ച്ച ചെയ്യാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഞെട്ടലോടെയാണ് നാടാകെ ഈ വാര്‍ത്ത കേട്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഈ കുടുംബങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്കാന് കുവൈറ്റ് സര്‍ക്കാര്‍ നേതൃത്വം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. കേന്ദ്രസര്‍ക്കാരും ഇതിന്റെ വേഗം കൂട്ടാന്‍ ശ്രമിക്കണം. ആ കുടുംബങ്ങളെ എത്ര കണ്ട് സഹായിച്ചാലും മതിവരില്ലെന്നും പറഞ്ഞു. കുടുംബങ്ങള്‍ക്കുണ്ടായത് തീരാ നഷ്ടമാണ്. കുവൈറ്റ് സര്‍ക്കാര്‍ ഫലപ്രദമായ നടപടി സ്വീകരിച്ചുവെന്നാണ് മനസ്സിലാക്കുന്നത്. തുടര്‍നടപടികള്‍ കുറ്റമറ്റ രീതിയില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
കേന്ദ്രസര്‍ക്കാരും വേണ്ട രീതിയില്‍ ഇടപെട്ടു. വിദേശകാര്യ സഹമന്ത്രി കുവൈറ്റിലേക്ക് നേരിട്ട് പോകുകയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രം സ്വീകരിച്ച നടപടികള്‍ ഫലപ്രദമാണെന്നും പറഞ്ഞു. ഒരു കാര്യത്തില്‍ ശരിയല്ലാത്ത സമീപനം ഉണ്ടായെന്ന് മന്ത്രി വീണാ ജോര്‍ജിന് കുവൈറ്റിലേക്കുള്ള യാത്രാനുമതി നിഷേധിച്ചതാണ്. എന്നാല്‍ വിവാദത്തിനുള്ള സമയമല്ലെന്നും ഇതില്‍ പിന്നീട് ചര്‍ച്ച ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
മരിച്ചവരുടെ കുടുംബങ്ങളെ സഹായിക്കാനുള്ള ശ്രമം ഉണ്ടാവണം. കുവൈറ്റുമായി നിരന്തര ഇടപെടല്‍ വേണമെന്നും ഏകോപിതമായ ശ്രമങ്ങളാണ് വേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയും മന്ത്രിമാരും എത്തി ഇവിടെ അന്ത്യാഞ്ജലി അര്‍പ്പിച്ചു.






