
നാട്ടുകാരുടെ ട്രോളിന് ഇരയാകുകയും വിമര്‍ശനം ഭയന്ന് ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കുകയും ചെയ്ത ദംഗലിലെ തന്റെ സഹതാരം സൈറാ വസീമിന് പിന്തുണയുമായി ആമിര്ഖാന്. കഴിഞ്ഞ ദിവസം കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബാ മുക്തിയുമായി കൂടിക്കാഴ്ച നടത്തുകയും ആ വിവരം ഫേസ്ബില് പോസ്റ്റ് ചെയ്തതിന് പിന്നാലെ ട്രോളിനിരയാകുകയും പിന്നീട് മാപ്പ് പറയുകയും ചെയ്ത സംഭവത്തിലാണ് താരത്തിന് പിന്തുണയുമായി ആമിര്‍ എത്തിയത്.
താന്‍ സെയ്റയുടെ പ്രസ്താവന കണ്ടെന്നും അത് തനിക്ക് മനസ്സിലാക്കാനും ഇത്തരം ഒരു പ്രസ്താവനയിലേക്ക് അവരെ നയിച്ചത് എന്താണെന്ന് ഊഹിക്കാനും കഴിയും. സെയ്റ നിനക്കൊപ്പം ഞങ്ങളെല്ലാമുണ്ടെന്ന് പറയാന്‍ ആഗ്രഹിക്കുകയാണ്. പ്രകാശിതയും, യുവത്വവും പ്രതിഭയും കഠിനാദ്ധ്വാനവും ആദരവും, സംരക്ഷണയും, ധൈര്യവും ഒരുപോലെയുള്ള നിന്നെപ്പോലൊരു കുട്ടി ഇന്ത്യയില്‍ മാത്രമല്ല ലോകത്ത് ഉടനീളമുള്ള കുട്ടികള്‍ക്ക് മാതൃകയാണ്. നീ തീര്‍ച്ചയായും എനിക്ക് മാതൃകയാണെന്നും ദൈവം നിന്നെ രക്ഷിക്കട്ടെയെന്നും അമീര്‍ ട്വിറ്ററില്‍ കുറിച്ചു.
ഇതിനൊപ്പം ഇനിയും അനേകം വലിയ കാര്യങ്ങള്‍ ജീവിതത്തില്‍ നേരിടാനുള്ള വെറും 16 വയസ്സുള്ള പെണ്‍കുട്ടിയെ കാര്യങ്ങള്‍ മനസ്സിലാക്കി തനിച്ച് വിടാനും ആമിര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആമിറിനൊപ്പം മറ്റനേകം ബോളിവുഡ് താരങ്ങളും താരത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്.
പൂജാഭട്ട്, അനുപംഖേര്‍, ജാവേദ് അക്തര്‍, സോനു നിഗം, സ്വര ഭാസ്ക്കര്‍, തന്മയ് ഭട്ട് എന്നിവരും ട്വീറ്റ് ചെയ്തിട്ടുണ്ട്. ദംഗലില്‍ ഗുസ്തി താരം ഗീത ഫഗോട്ടിന്റെ കൗമാരകാലമാണ് സൈറ അവതരിപ്പിച്ചത്. ശ്രീനഗറില്‍ ജനിച്ച സെയ്റ കഴിഞ്ഞ ദിവസം കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്ത്തിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു ട്രോളുകള്‍ ഉണ്ടായത്. ഇത് പിന്നീട് ദേശീയമാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.






