
ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികള്‍ എന്ന ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി ബ്രസീലില്‍ നിന്നുള്ള പൊലോ ഗബ്രിയേലും കറ്റിയൂസിയ ലീയും. ഇരുവരുടെയും പ്രണയ കഥയാണിപ്പോല് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.
31കാരനായ പൗലോയും 28കാരിയായ കറ്റിയൂസിയയും 2006ല്‍ ഓണ്‍ലൈനിലൂടെയാണ് പരിചയപ്പെടുന്നത്. സര്‍ക്കാര്‍ ജോലിക്കാരനാണ് പൗലോ. കറ്റിയൂസിയ ബ്ല്യൂട്ടി സലൂണ്‍ ഉടമയാണ്. ആദ്യ കാഴ്ചയില്‍ തന്നെ കറ്റിയൂസിയയെ പൗലോ മനസ്സില്‍ പ്രതിഷ്ഠിച്ചിരുന്നു. എന്നാല്‍ സന്ദേശം അയക്കല്‍ കൂടിയതോടെ പൗലോയെ കറ്റിയൂസിയ ബ്ലോക്ക് ചെയ്തു. എന്നാല്‍ തോറ്റുകൊടുക്കാന്‍ പൗലോ തയ്യാറല്ലായിരുന്നു. നിരന്തര പരിശ്രമങ്ങള്‍ക്കൊടുവില്‍ കറ്റിയൂസിയയുടെ മനസ്സില്‍ പൗലോ കയറിപ്പറ്റി. 35.54 ഇഞ്ചാണ് പൗലോയുടെ ഉയരം. 35.88 ഇഞ്ചാണ് കറ്റിയൂസിയയുടെ ഉയരം.
പരിചയപ്പെട്ട് നാല് വര്‍ഷത്തോളം അകലങ്ങളിലിരുന്ന് പ്രണയിച്ചു. ഒടുവില്‍ 2016ല്‍ പൗലോ കറ്റിയൂസിയ ജീവിത പങ്കാളിയാക്കി. ഉയരക്കുറവ് മൂലം സമൂഹത്തിന്റെ കളിയാക്കലുകള്‍ നിരവധി ഏല്‍ക്കേണ്ടിവന്ന ഇരുവരും ഒരുമിച്ച് ജീവിച്ചു തുടങ്ങിയതോടെ മനോധൈര്യം വര്‍ധിച്ചുവെന്നും പൗലോ പറയുന്നു. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികള്‍ എന്ന ഗിന്നസ് ലോക റെക്കോര്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു.






