
ആലപ്പുഴ: കാറിനുള്ളില്‍ സ്വിമ്മിംഗ്പൂള്‍ ഉണ്ടാക്കി വിവാദമുണ്ടാക്കിയ സഞ്ജു ടെക്കിയ്ക്ക് ലൈസന്‍സ് റദ്ദാക്കിയതിന് പിന്നാലെ യൂ ട്യൂബിന്റെ പണിയും. താരത്തിന്റെ മോട്ടോര്‍ വാഹന നിയമ ലംഘനങ്ങള്‍ അടങ്ങിയ വീഡിയോകള്‍ യൂട്യുബ് നീക്കം ചെയ്തു. എട്ടിലധികം വീഡിയോകളാണ് എടുത്തുകളഞ്ഞത്. ആലപ്പുഴ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ യുടെ കത്തിനെ തുടര്‍ന്നാണ് വീഡിയോ ഷെയറിംഗ് സൈറ്റിന്റെ നടപടി.
സഞ്ജു യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോകള്‍ വിശദമായി പരിശോധിക്കുകയും നിയമലംഘനങ്ങള്‍ ഒന്നൊന്നായി കണ്ടെത്തുകയും ചെയ്തതായി മോട്ടോര്‍വാഹനവകുപ്പ് പറഞ്ഞു. ചരക്ക് വാഹനത്തിന്റെ ലോഡ് ബോഡിയില്‍ ടാര്പ്പോളിന് ഷീറ്റ് വിരിച്ച് സ്വിമ്മിംഗ് പൂള് ഉണ്ടാക്കി. മൊബൈല്‍ ഫോണില്‍ സെല്‍ഫി വീഡിയോ ചിത്രീകരിച്ചുകൊണ്ട് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചു. റോഡില്‍ മത്സര ഓട്ടം നടത്തി. പലതവണ വാഹനത്തില്‍ രൂപമാറ്റം വരുത്തി പൊതു നിരത്തില്‍ ഉപയോഗിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്.
തുടര്‍ച്ചയായി ഗതാഗത നിയമങ്ങള്‍ ലംഘിച്ചത് ഉള്‍പ്പെടെ ഗുരതര പരാമര്‍ശം കണ്ടെത്തിയതിനെ തുടര്‍ന്ന് സഞ്ജുവിന്റെ ഡ്രൈവിംഗ് ലൈസന്‍സ് ആജീവനാന്തം റദ്ദാക്കിയിരുന്നു. പൊതുസമൂഹത്തിന്റെ എല്ലാത്തരം മാന്യതകളും ലംഘിക്കുക, നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുക, പൊതുസമൂഹത്തിന് ഭീഷണിയായി വാഹനം ഓടിക്കുക തുടങ്ങിയ പല കാര്യങ്ങള്‍ ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. ഇതിനെല്ലാം പുറമേയാണ് നിയമംലംഘിച്ച് അതിന്റെ വീഡിയോ ചിത്രീകരിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ച് വരുമാനവും സാമ്പത്തീക നേട്ടം ഉണ്ടാക്കുകയും ചെയ്തു.
മോട്ടോര്‍ വെഹിക്കിള്‍സ് റെഗുലേഷന്‍സ് 2017 ചട്ടങ്ങള്‍ ഒന്നും പാലിക്കാതെയാണ് വാഹനങ്ങള്‍ ഉപയോഗിക്കുന്നതെന്ന് എംവിഡി ചൂണ്ടിക്കാട്ടി. ലക്ഷക്കണക്കിന് കാഴ്ചക്കാര്‍ ഉള്ളവര്‍ നടത്തുന് നിയമ ലംഘനവീഡിയോ മറ്റുള്ളവരെ സ്വാധീനിക്കുകയും അത് പ്രയോഗിക്കാന്‍ പ്രോത്സാഹനവും സൃഷ്ടിച്ചേക്കാമെന്നും എംവിഡി ചൂണ്ടിക്കാട്ടുന്നു. സഞ്ജു ടെക്കിക്കെതിരായ കര്‍ശന നടപടി നിയമ ലംഘകര്‍ക്കും നിയമത്തെ നിസാരവത്കരിക്കുന്നവര്‍ക്കും ഒരു താക്കീതാണെന്നാണ് എംവിഡി വിശദീകരിച്ചത്.






