
തിരുവനന്തപുരം: എൻഡിഎ ഘടകകക്ഷിയായ ജെഡിഎസുമായുള്ള ബന്ധം വേർപ്പെടുത്തി പുതിയ പാർട്ടി രൂപവത്ക്കരിക്കുമെന്ന് കേരള ഘടകം. ഒരു രൂപത്തിലും ബിജെപിയോടൊപ്പം നിന്ന് പ്രവർത്തിക്കുന്ന ഒരു പാർട്ടിയുടെ ഘടകമായി കേരളത്തിലെ ഘടകം അറിയപ്പെടാൻ ഇഷ്ടപ്പെടുന്നില്ലെന്നും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഭാഗമായി തുടരുമെന്നും സംസ്ഥാന പ്രസിഡന്റ് മാത്യൂ ടി. തോമസ് എംഎൽഎ പറഞ്ഞു.
നിലവിലെ ജനപ്രതിനിധികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെയായിരിക്കും പുതിയ പാർട്ടി രൂപീകരിക്കുക. സ്വാഭാവികമായും ജനതാദൾ എസ് എന്ന പേര് കേരളത്തിലെ പാര്ട്ടിക്ക് ഉപേക്ഷിക്കേണ്ടിവരും. പുതിയ പാർട്ടി പ്രഖ്യാപനം പിന്നീടുണ്ടാകും. പേര് ഉപേക്ഷിച്ചുകൊണ്ട് ഒരു പുതിയ പാർട്ടി റജിസ്റ്റർ ചെയ്യാൻ ചിലരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആ പുതിയ പാർട്ടിയിലേക്ക് കേരള ഘടകം ലയിക്കാനാണ് ആലോചന. ഇതിന് നിയമപരമായ കാര്യങ്ങൾകൂടി പരിശോധിക്കണ മെന്ന് മാത്യൂ ടി. തോമസ് പറഞ്ഞു.
ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസാമി എൽഡിഎ സർക്കാരിന്റെ ഭാഗമായതോടെയാണ് ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്ന കേരളഘടകം കേന്ദ്രനേതൃത്വവുമായുള്ള ബന്ധം വിച്ഛേദിക്കാനുള്ള തീരുമാനമെടുത്തത്. എൻഡിഎയുമായി ചേരാനുള്ള ദേശീയ തലത്തിലെ തീരുമാനം കേരളഘടകം എതിർത്തിരുന്നു. സംഘടനാപരമായി ആശയ വിനിമയം കർണാടക ഘടകവുമായില്ല. ഒരു രൂപത്തിലും ബിജെപിയുമായി ഒരുമിച്ച് പോകാനില്ലെന്നും മാത്യു ടി തോമസ് വ്യക്തമാക്കി. ദേശീയ നേതൃത്വം ബിജെപി ബന്ധം ഉപേക്ഷിച്ചാൽ പുതിയ പാർട്ടി അതിലേക്ക് ലയിക്കുമെന്നും ജെഡിഎസ് സംസ്ഥാന അധ്യക്ഷൻ മാത്യു ടി തോമസ് കൂട്ടിച്ചേർത്തു .
അതേസമയം ഒരേസമയം, കേന്ദ്രത്തിൽ ബിജെപിക്കൊപ്പവും കേരളത്തിൽ ഇടതുമുന്നണിക്കൊപ്പവും ജെഡിഎസ് തുടരുന്നതിനെ കോൺഗ്രസും ആർജെഡിയും വിമർശിച്ചിരുന്നു. വിഷയത്തിൽ ജെഡിഎസ് തുടരുന്നതിനെ കോൺഗ്രസും ആർജെഡിയും വിമർശിച്ചിരുന്നു. വിഷയത്തിൽ ജെഡിഎസ് ഉടൻ തീരുമാനമെടുക്കണമെന്ന് സിപിഎം നിർദേശിക്കുകയും ചെയ്തിരുന്നു.






