
കുട്ടികള്‍ക്കും മുതര്‍ന്നവര്‍ക്കും സ്പൈഡര്‍മാനോട് ആരാധനയാണ്. സ്പൈഡര്മാന് ഓടുന്നതും ചാടുന്നതും ആളുകളെ രക്ഷിക്കുന്നതുമൊക്കെ നമ്മള് കണ്ടിട്ടുള്ളതാണ്.എന്നാല്‍ ചപ്പാത്തി ചുടുന്ന സ്പൈഡര്‍മാനെ നിങ്ങള്‍ കണ്ടിട്ടുണ്ടോ? എന്നാല്‍ അത്തരത്തിലുള്ള ഒരു കാഴ്ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം ചിരി നിറയ്ക്കുന്നത്.
ഗ്രീന്‍ ഗോബ്ലിന്‍, ഡോ. ഓക്ടോപസ്, അലീല് വെനം തുടങ്ങി വമ്പന്‍ വില്ലന്മാരെ കീഴ്പ്പെടുത്തിയ സ്പൈഡര്‍മാനാണോ ഈ ഇരുന്ന് ചപ്പാത്തി ഉണ്ടാക്കുന്നതെന്നായിരുന്നു സോഷ്യല്‍മീഡിയയുടെ സംശയം. എക്സിലൂടെ പങ്കുവെച്ച വിഡിയോ ചുരുക്കിയ സമയം കൊണ്ട് സോഷ്യല്‍മീഡിയയെ വലയിലാക്കി. ഡ്രോണ്‍ ഉപയോഗിച്ചെടുത്ത ദൃശ്യങ്ങളില്‍ സ്പൈഡര്‍മാന്റെ വസ്ത്രം ധരിച്ച് വീടിന്റെ ടെറസ്സിലിരുന്ന് ഒരാള്‍ ചപ്പാത്തി പരത്തുന്നതും ചുടുന്നതും കാണാം. കനത്ത വെയിലില്‍ നിന്നും രക്ഷപെടാന്‍ ധരിച്ചതാകാം ഈ കുപ്പായമെന്നും ചിലര്‍ കമന്റില്‍ അഭിപ്രായപ്പെട്ടു.
വിഡിയോ ജയ്പൂരില്‍ നിന്നാണെന്നാണ് കമന്റില്‍ പലരും അവകാശപ്പെടുന്നത്. എന്നാല്‍ വിഡിയോയെ കുറിച്ച് മറ്റ് വിവരങ്ങള്‍ ലഭ്യമല്ല. 'ലോകത്തെ രക്ഷിക്കുന്നത് കൊണ്ട് വയറു നിറയ്ക്കാനാകില്ലെന്ന ക്യാപ്ഷനോടെയാണ് രസകരമായ ഈ വിഡിയോ എക്സില്‍ പങ്കുവെച്ചിരിക്കുന്നത്.






