
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കും. കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം. നേരത്തെ ജൂലൈ 25 വരെ സഭ സമ്മേളിക്കാനായിരുന്നു തീരുമാനം. നടപടിക്രമങ്ങൾ ജൂലൈ 11 നുള്ളിൽ തന്നെ തീരുമെന്ന വിലയിരുത്തലിന്റെ്അടിസ്ഥാനത്തിലാണിത്.
ധനാഭ്യര്‍ത്ഥനകളും ബില്ലുകളും ജൂലൈ 11 ന് മുൻപ് അവതരിപ്പിക്കാനാവുന്ന സാഹചര്യത്തിലാണ് ഇന്ന് ചേര്‍ന്ന കാര്യോപദേശക സമിതി യോഗം സമ്മേളനം വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചത്. ജൂൺ 10 നാണ് നിയമസഭാ സമ്മേളനം ആരംഭിച്ചത്.
അതേസമയം സംസ്ഥാനത്തിന്റ പേര് ഭരണഘടനയിലും മറ്റ് ഔദ്യോഗിക രേഖകളിലും 'കേരള' എന്നത് 'കേരളം' എന്നാക്കാൻ വീണ്ടും പ്രമേയം. മുഖ്യമന്ത്രി പിണറായി വിജയന് നാളെ നിയമസഭയിൽ വീണ്ടും പ്രമേയം കൊണ്ട് വരുന്നത്.
നൂറ്റാണ്ടുകളായി കേരളം എന്ന പേര് സാഹിത്യത്തിലും ചരിത്രത്തിലും ഉണ്ടായിട്ടും അത് കേരള ആയി മാറിയത് ബ്രിട്ടീഷുകാരുടെ പ്രയോഗം കാരണമാണ്. ഐക്യ കേരളം പിറന്ന് ആറര പതിറ്റാണ്ടായിട്ടും 'കേരളം' എന്ന പേര് തിരിച്ചുപിടിച്ച് എല്ലാ രേഖകളിലും ഒരേപോലെയാക്കാൻ മലയാളികൾക്ക് കഴിഞ്ഞില്ല. മലയാളത്തിൽ സംസ്ഥാനം കേരളം എന്നാണ്. പക്ഷെ സർക്കാർ രേഖകളിൽ പോലും ഇംഗ്ലീഷിൽ ഇപ്പോഴുമുള്ളത് ഗവൺമെൻറ് ഓഫ് കേരള എന്നാണ്.






