
തിരുവനന്തപുരം; സംസ്ഥാനത്ത് നിന്ന് പുറപ്പെടുന്ന 4 ട്രെയിന്‍ സര്‍വ്വീസുകളില്‍ മാറ്റമുള്ളതായി റെയില്‍വേ അറിയിച്ചു. ജൂണ്‍ 28-ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്ന കൊച്ചുവേളി - ഋഷികേശ് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് റദ്ദാക്കി. ജൂലൈ 1-ന് അവിടെ നിന്ന് തിരിച്ച് പുറപ്പെടുന്ന യാത്രയും റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. റൂര്‍ക്കി - ദിയോബന്ദ് റൂട്ടില്‍ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് സര്‍വ്വീസ് റദ്ദാക്കിയത്.
നാളെയും ജൂലൈ 1-നും എറണാകുളത്ത് നിന്ന് രാത്രി 10.25-ന് പുറപ്പെടുന്ന എറണാകുളം - കാരൈക്കല്‍ എക്സ്പ്രസ് നാഗപട്ടണത്ത് സര്‍വീസ് അവസാനിപ്പിക്കും. കാരയ്ക്കല്‍ യാര്‍ഡിന്റെ കമ്മീഷനിംഗ് പ്രവൃത്തികള്‍ നടക്കുന്നതിനാലാണ് ഇത്. ജൂലൈ 2-ന് എറണാകുളത്ത് നിന്ന് രാത്രി 10.25 ന് പുറപ്പെടുന്ന എറണാകുളം - കാരയ്ക്കല്‍ എക്സ്പ്രസ് നാഗൂര് വരെ മാത്രമേ സര്‍വീസ് നടത്തൂ. ജൂലൈ 3-ന് വൈകിട്ട് നാലരയ്ക്ക് കാരയ്ക്കല്‍ നിന്ന് പുറപ്പെട്ട് എറണാകുളത്തേക്ക് വരുന്ന എറണാകുളം എക്സ്പ്രസ് വൈകിട്ട് 05.05-ന് നാഗപട്ടണത്ത് നിന്നായിരിക്കും സര്‍വീസ് തുടങ്ങുകയെന്നും റെയില്‍വേ അറിയിച്ചു.






