
ലാസ് വേഗസ് : കോപ്പ അമേരിക്ക ഫുട്ബോളിൽ രണ്ടാം മത്സരത്തിൽ ബ്രസീലിന്റെ ഗോളടിമേളം. ഇന്നു നടന്ന ഗ്രൂപ്പ് ഡി മത്സരത്തിൽ പാരഗ്വായെ ബ്രസീൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തോൽപ്പിച്ചു. സൂപ്പർതാരം വിനീസ്യൂസ് ജൂനിയറിന്റെ ഇരട്ടഗോളുകളാണ് ബ്രസീലിന് തകർപ്പൻ വിജയം സമ്മാനിച്ചത്. 35, 45+5 മിനിറ്റുകളിലായിരുന്നു വിനീസ്യൂസിന്റെ ഗോളുകൾ. പരുക്കുമൂലം കളത്തിനു പുറത്തായ സൂപ്പർതാരം നെയ്മാറും ബ്രസീലിന്റെ മത്സരം വീക്ഷിക്കാൻ ഗാലറിയിലുണ്ടായിരുന്നു.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ബ്രസീൽ ആക്രമണം തുടങ്ങിയപ്പോൾ പരാഗ്വെ പ്രതിരോധത്തിലേക്ക് വലിഞ്ഞു.30-ാം മിനിറ്റിൽ ബ്രസീൽ ആക്രമണം തടഞ്ഞ ആന്ദ്രേസ് ക്യൂബസിന്റെ കൈയ്യിലാണ് പന്ത് പതിച്ചത്. എന്നാൽ പെനാൽറ്റി അവസരത്തിൽ ലുക്കാസ് പക്വറ്റയുടെ കിക്ക് വലതുവശത്ത് പോസ്റ്റിന് പുറത്തേയ്ക്ക് പോയി. പെനാൽറ്റി നഷ്ടത്തിന്റെ ക്ഷീണം ബ്രസീൽ സംഘം ഉടനെ തന്നെ തീർത്തു. 35-ാം മിനിറ്റിൽ പക്വറ്റയുടെ പാസുമായി മുന്നേറിയ വിനീഷ്യസ് ആദ്യം വലകുലുക്കി. 43-ാം മിനിറ്റിൽ റോഡ്രിഗോയുടെ ഷോട്ട് പരാഗ്വ ഗോളി തടഞ്ഞിട്ടെങ്കിലും റീബൗണ്ടിൽ സാവിയോ വലയിലാക്കി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ വിനീഷ്യസ് ജൂനിയർ വീണ്ടും ഗോൾവല ചലിപ്പിച്ചു. ആദ്യ പകുതിയിൽ തന്നെ ബ്രസീൽ സംഘത്തിന് എതിരില്ലാത്ത മൂന്ന് ഗോളിന് ലീഡ് ചെയ്യാനും കഴിഞ്ഞു.
രണ്ടാം പകുതിയിൽ പരാഗ്വ അപ്രതീക്ഷിത ആക്രമണം നടത്തി. 53-ാം മിനിറ്റിലെ ഒമർ അൽദെരെതെയുടെ ഇടം കാലൻ പവർഷോട്ട് ഒരു ഗോൾ മടക്കി.
എന്നാൽ ബ്രസീൽ പതിയെ തിരിച്ചുവന്നു. 65-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി അവസരം ലൂക്കാസ് പക്വറ്റ കൃത്യമായി വലയിലാക്കി. 82-ാം മിനിറ്റിൽ ഡഗ്ലസ് ലൂയിസിനെ ടാക്കിൾ ചെയ്യാനുള്ള ആന്ദ്രെസ് കുബാസ് ചുവപ്പുകാർഡ് കണ്ട് പുറത്തുപോയതിനാൽ 10 പേരുമായാണ് പാരഗ്വായ് മത്സരം പൂര്ത്തിയാക്കിയത്. മത്സരത്തിനിടെ പലതവണ ഇരുടീമിലെയും താരങ്ങൾ തമ്മിലുണ്ടായ കയ്യാങ്കളി കായികലോകത്തിന് നാണക്കേടായി. എങ്കിലും ആദ്യ മത്സരത്തിൽ കോസ്റ്ററിക്കെതിരായ സമനിലയക്ക് ശേഷം ബ്രസീലിന് കോപ്പയിൽ ശക്തമായി തിരിച്ചുവരാൻ കഴിഞ്ഞു.







Comments