
കണ്ണൂര്‍: ആര്യയുടെ ചിലങ്കയിലെ മുത്തുമണികളുടെ കിലുക്കം അവളുടെ പ്രാര്ഥനയായിരുന്നു. കണ്ണുകലങ്ങിയും തൊണ്ടയിടറിയും ഇന്നലെ രാവിലെ മുതല്‍ അവളും നിശബ്ദം പ്രാര്ഥിക്കുകയായിരുന്നു. ഒരു ഫോണ്‍ കോളിനും ഫെയ്സ്ബുക്കില്‍ കുറിച്ചിട്ട ആശംസാവചനത്തിനും ശേഷം അവളെ കരയിച്ച സജിത്തിനു വേണ്ടി. കഴിഞ്ഞദിവസം ചെങ്ങന്നൂരില്‍ ബൈക്കില്‍ ബസിടിച്ച് ഗുരുതരമായി പരുക്കേറ്റ സജിത്ത് ആശുപത്രിയിലാണ്.
സ്വപ്നങ്ങള്‍ കൈയെത്തിപ്പിടിക്കാന്‍ അവള്‍ക്കൊപ്പം പ്രോത്സാഹനവും ആശംസയുമായി കഴിഞ്ഞ ദിവസം വരെ ആല്‍ബം സംവിധായകനായ സജിത്ത് കാരായ്മയുമുണ്ടായിരുന്നു. എറണാകുളം പൂത്തോട്ട കെ.പി.എം.എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ് ആര്യ പാര്‍വതി എസ്. നായര്‍. ആര്യയുടെ മോഹിനിയാട്ടത്തിന്റെ വീഡിയോ ഫെയ്സ് ബുക്കില്‍ കണ്ടിട്ടാണ്സംഗീത ആല്‍ബങ്ങള്‍ സംവിധാനം ചെയ്യുന്ന സജിത്ത് കാരായ്മ തന്റെ പുതിയ ആല്‍ബമായ മധുമുരളികയുടെ ചിത്രീകരണത്തിന് ആര്യയെ വിളിക്കുന്നത്.
ഗായിക സുജാത പാടിയ പാട്ടിന് ചുവടുവച്ച് ആര്യ അഭിനയിക്കുകയും ചെയ്തു. ആര്യയെ കൂടുതല്‍ നൃത്തം പഠിപ്പിക്കണമെന്ന് സജിത്ത് ആര്യയുടെ രക്ഷിതാക്കളോട് നിര്‍ദേശിക്കുകയും ചെയ്തു. ഈ ആല്‍ബം റിലീസ് ചെയ്യാനുള്ള ഒരുക്കത്തിനിടെയാണ് ആര്യ കലോത്സവത്തില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തിയത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ കലോത്സവത്തിനു പോകാന്‍ ഒരുങ്ങിയിറങ്ങുമ്പോഴാണ് ആര്യയുടെ അച്ഛന് വി.പി. ശങ്കറിന്റെ മൊെബെലിലേക്ക് സജിത്തിന്റെ അപകടം അറിയിച്ച് ഫോണ്‍കോളെത്തിയത്. സംഗീത നാടക അക്കാഡമിയുടെ വിധികര്‍ത്താവായി പങ്കെടുത്ത് തിരിച്ചുവരവെ ചെങ്ങന്നൂരില്‍ വച്ച് സജിത്ത് സഞ്ചരിച്ചിരുന്ന െബെക്കില്‍ ബസിടിക്കുകയായിരുന്നു. പരുക്കേറ്റ സജിത്ത് ഐ.സി.യുവിലായിരുന്നു.
ശങ്കര്‍ ഉടന്‍ തന്നെ ഭാര്യ ദീപ്തിയെ വിവരമറിയിച്ചെങ്കിലും ആര്യയെ തല്ക്കാലം അറിയിക്കേണ്ടന്നായിരുന്നു ഇരുവരുടെയും തീരുമാനം. പക്ഷേ ഇടയ്ക്കെപ്പോഴാ ശങ്കറിന്റെ ഫോണ്‍ അറ്റന്‍ഡ് ചെയ്ത ആര്യ വിവരം അറിഞ്ഞു. ഇതോടെ വിഷമത്തിലായ ആര്യയെ ഇരുവരും ഏറെ െധെര്യം നല്‍കിയാണ് അരങ്ങിലെത്തിച്ചത്. സജിത്ത് അപകടനില തരണംചെയ്തെന്നറിയിച്ച്, മത്സരത്തിനുമുമ്പ് ശങ്കറിനുവീണ്ടും ഫോണ്‍വിളിയെത്തി. എന്നാല്‍, അപ്പോഴേക്കും ആര്യ മത്സരത്തിനായി വേദിയില്‍ കയറിയിരുന്നു.






