
കോപ്പാ അമേരിക്ക ഫുട്ബോളില്‍ ലാറ്റിനമേരിക്കന്‍ വമ്പന്മാരായ ബ്രസീലിന് വീണ്ടും സമനില. കൊളംബിയയയോട് 1-1 ന് സമനില വഴങ്ങിയെങ്കിലും ക്വാര്‍ട്ടറില്‍ കടന്നു. ആദ്യ എട്ടില്‍ മഞ്ഞക്കിളികളുടെ എതിരാളികളാകുക ഉറുഗ്വേ ആയിരിക്കും. ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ഏഴുപോയിന്റയുമായി കൊളംബിയ ഗ്രൂപ്പ് ജേതാക്കളായപ്പോള്‍ ബ്രസീല്‍ രണ്ടാമന്മാരായി.
ലെവി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും ഏറെ പ്രതീക്ഷയോടെ ആക്രമിച്ചാണ് കളിച്ചത്. കളിയുടെ ആദ്യ പകുതിയില്‍ ആദ്യം ഗോള്‍ നേടിയത് ബ്രസീലായിരുന്നു. റഫീഞ്ഞയുടെ ഉജ്വല ഫ്രീകിക്ക് വലയില്‍ എത്തി. എന്നാല്‍ ശക്തമായി തിരിച്ചടിച്ച കൊളംബിയ ദാനിയേല്‍ മുനോസിലൂടെ മറുപടി പറഞ്ഞു. സമനിലയോടെ തോല്‍വിയറിയാതെയുള്ള ഓട്ടം കൊളംബിയ 26 കളികളിലേക്ക് നീട്ടിയെടുത്തു. ഇതുവരെ കളിച്ച 26 മത്സരങ്ങളില്‍ പത്തു ജയവും 16 സമനിലയുമായി മുമ്പോട്ട് പോകുകയാണ് അവര്‍.
ജെയിംസ് റോഡ്രിഗ്രസിനെ വീഴ്ത്തിയതിന് ആദ്യ പതിനഞ്ച് മിനിറ്റിനുള്ളില്‍ തന്നെ ബ്രസീലിയന്‍ സൂപ്പര്‍താരം വിനീഷ്യസ് ജൂനിയര്‍ മഞ്ഞക്കാര്‍ഡ് കണ്ടത് ബ്രസീലിന് തിരിച്ചടിയാകും. ഉറുഗ്വേയ്ക്ക് എതിരേയുള്ള മത്സരം താരത്തിന് പുറത്തിരിക്കേണ്ടി വരും.
ഇതിന് റോഡ്രിഗ്രസ് എടുത്ത ഫ്രീകിക്ക് ബാറിന് മുകളിലൂടെ പറന്നു. എന്നാല്‍ കളിയുടെ പന്ത്രണ്ടാം മിനിറ്റില്‍ റാഫീഞ്ഞ എടുത്ത ഫ്രീകിക്ക് കൊളംബിയന്‍ വലയുടെ മുകളില്‍ വന്നാണ് പതിച്ചത്. പിന്നാലെ റോഡ്രിഗ്രസിന്റെ ക്രോസില്‍ തലവെച്ച് ഡാവിന്‍സണ്‍ സാഞ്ചസ് പന്ത് വലയിലാക്കിയിരുന്നെങ്കിലും വാര്‍ചെക്കില്‍ ഓഫ്സൈഡ് വിധിച്ചത് തിരിച്ചടിയായി.




