
അയ്‌ഗില്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്): ടൂര്‍ ഡി ഫ്രാന്‍സില്‍ (വനിത) പങ്കെടുക്കുന്ന ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടവുമായി സൈക്ലിസ്‌റ്റ് ഹര്‍ഷിത ജാക്കര്‍. ടൂര്‍ ദെ ഫ്രാന്‍സിന്റെ രണ്ടാം പാദ മത്സരങ്ങളുടെ ഉദ്‌ഘാടനച്ചടങ്ങില്‍ പങ്കെടുത്താണ് 19 വയസുകാരിയായ ഹര്‍ഷിത് റെക്കോഡിട്ടത്.
യൂണിയന്‍ സൈക്ലിസ്‌റ്റ് ഇന്റര്‍നാഷണാലെ (യു.സി.ഐ.) തെരഞ്ഞെടുത്ത വിവിധ രാജ്യങ്ങളില്‍ നിന്നുള്ള എട്ട് താരങ്ങള്‍ക്കൊപ്പമാണ് രാജസ്‌ഥാന്‍കാരിയായ ഹര്‍ഷിതയും ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായത്. ചടങ്ങിന്റെ ഭാഗമായി 4.5 കിലോ മീറ്റര്‍ സൈക്കിള്‍ ചവിട്ടിയ ഹര്‍ഷിത, ജൂനിയര്‍ വിഭാഗത്തില്‍ ദേശീയ ചാമ്പ്യനാണ്. 2030 ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ ലക്ഷ്യമിടുന്ന താരത്തിന് കോച്ചായി പിതാവും മുന്‍ ദേശീയ സൈക്ലിങ് താരവുമായ രാകേഷ് ഒപ്പമുണ്ട്.
സൈക്ലിങിനെ കൂടുതല്‍ പ്രചാരത്തിലെത്തിക്കുന്നതിന്റെ ഭാഗമായാണു ഹര്‍ഷിത അടക്കമുള്ള താരങ്ങളെ തെരഞ്ഞെടുത്തത്. അഫ്‌ഗാനിസ്‌ഥാന്‍, അള്‍ജീരിയ, ചിലി, എത്യോപ്യ, നമീബിയ, ഉഗാണ്ട എന്നിവര്‍ക്കൊപ്പമാണു ഹര്‍ഷിത 4.5 കിലോ മീറ്റര്‍ റൈഡിനിറങ്ങിയത്. യു.സി.ഐ. വേള്‍ഡ് ടൂര്‍ കലണ്ടറിലെ പ്രധാന ഈവന്റുകളിലൊന്നാണ് ടൂര്‍ ഡി ഫ്രാന്‍സ് (വനിത). കഴിഞ്ഞ ഒന്നാം തീയതി ലൂസന്നയില്‍ ആരംഭിച്ച ടൂര്‍ ഒന്‍പതിന് ഫ്രാന്‍സിലെ നൈസില്‍ അവസാനിക്കും. ഹര്‍ഷിതയുടെ സാന്നിധ്യത്തെ യു.സി.ഐ. പ്രസിഡന്റ് ഡേവിഡ് ലാപാര്‍ട്ടിയന്റ് സ്വാഗതം ചെയ്‌തു.
പഞ്ചാബിലെ പട്യാലയിലുള്ള സ്‌പോര്‍ട്‌സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നാഷണല്‍ സെന്റര്‍ ഫോര്‍ എക്‌സലന്‍സിലാണു ഹര്‍ഷിത പരിശീലിക്കുന്നത്. പിതാവ് രാകേഷ് 2010 ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുത്തു. 2025 ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസില്‍ മൂന്ന് സ്വര്‍ണ മെഡലുകള്‍ നേടിയതോടെയാണു ഹര്‍ഷിത ശ്രദ്ധിക്കപ്പെടുന്നത്. 2024 ലെ ഏഷ്യന്‍ ജുനിയര്‍ സൈക്ലിങ് ചാമ്പ്യന്‍ഷിപ്പില്‍ ഒരു വെള്ളിയും രണ്ട് വെങ്കല മെഡലുകളും നേടി.





Comments