
ഹരാരെ: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ സിംബാബ്വെക്കെതിരെ ഇന്ത്യക്ക് 116 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സെടുത്തു. നാല് വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ രവി ബിഷ്ണോയ് ആണ് സിംബാബ്വെ ഇന്നിങ്സിനെ തകര്‍ത്തത്. 29 റണ്‍സുമായി പുറത്താകാതെ നിന്ന ക്ലൈവ് മദാൻഡെ സിംബാബ്വെയുടെ ടോപ് സ്കോറര്‍ .
ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.രണ്ടാം ഓവറിൽ തന്നെ ഓപ്പണർ ഇന്നസെന്റ് കിയയെ ഗോൾഡൻ ഡക്കാക്കി മുകേഷ് കുമാറാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടയ്കക് തുടക്കം കുറിച്ചത്.പിന്നീട് പവര്‍ പ്ലേയില്‍ രവി ബിഷ്ണോയിയെ പന്തേൽപ്പിച്ച ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ തീരുമാനം ശരിവെച്ച് ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ ബിഷ്ണോയ് ബെന്നറ്റിനെ(23) മടക്കി.പവര്‍ പ്ലേയിലെ അവസാന ഓവര്‍ മെയ്ഡിനാക്കിയ ബിഷ്ണോയ് സിംബാബ്വെയെ ആറോവില് 40-2ൽ ഒതുക്കി.
കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി സിംബാബ്വെ ഇന്നിങ്സിനെ ഇന്ത്യൻ ബോളർമാർ വരിഞ്ഞുമുറുക്കിയത്. സിക്കന്ദര്‍ റാസയെ(17) വീഴ്ത്തി ആവേശ് സിംബാബ്വെയെ ബാക്ക് ഫൂട്ടിലാക്കി. അതേ ഓവറില്‍ ജൊനാഥന് കാംപ്ബെല്‍(0) റണ്ണൗട്ടായതോടെ 12 ഓവറില്‍ 74-5ലേക്ക് കൂപ്പുകുത്തി. വാഷിംഗ്ണ് സുന്ദര്‍ പതിനഞ്ചാം ഓവറില്‍ ഡിയോണ്‍ മയേഴ്സിനെയും(23) മസകാഡ്സയെയും(0) തുടര്‍ച്ചയായ പന്തുകളില്‍ പുറത്താക്കി സിംബാബ്വെ സമ്മര്‍ദ്ദത്തിലാക്കി . ചതാരയെ കൂട്ടുപിടിച്ച് ക്ലൈവ് മദാൻഡെ അവസാന വിക്കറ്റില്‍ തകര്‍ത്തടിച്ചതോടെ സിംബാബ്വെ പത്തൊമ്പതാം ഓവില് 100 കടത്തി.വാലറ്റത്തെ രവി ബിഷ്ണോയ് കറക്കി വീഴ്ത്തി. ഇന്ത്യക്കായി രവി ബിഷ്ണോയ് നാലോവറില്‍ 13 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദര്‍ നാലോവറില്‍ 11 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.
സിംബാബ്വെ പ്ലേയിംഗ് ഇലവൻ: തദിവാനഷെ മരുമണി, ഇന്നസെൻ്റ് കയ, ബ്രയാൻ ബെന്നറ്റ്,സിക്കന്ദർ റാസ,ഡിയോൺ മിയേഴ്സ്, ജോനാഥൻ കാംബെൽ, ക്ലൈവ് മദാൻഡെ, വെസ്ലി മധേവെരെ,ലൂക്ക് ജോങ്വെ, ബ്ലെസിംഗ് മുസാറബാനി, ടെൻഡായി ചതാര.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: ശുഭ്മാൻ ഗിൽ , അഭിഷേക് ശർമ, റുതുരാജ് ഗെയ്ക്വാദ്, റിയാൻ പരാഗ്, റിങ്കു സിംഗ്, ധ്രുവ് ജൂറൽ , വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്ണോയ്, അവേഷ് ഖാൻ, മുകേഷ് കുമാർ, ഖലീൽ അഹമ്മദ്.





