
മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ലോകകപ്പ് വിജയാഘോഷത്തിനിടെ കളഞ്ഞു കിട്ടിയ മൊബൈല്‍ ഫോണ്‍ ഉടമയ്ക്ക് തിരികെ നല്കി യുവാവ്. തന്റെ റെഡ്ഡിറ്റ് അക്കൗണ്ടിലാണ് യുവാവ് ഈ സംഭവം ആദ്യം വിശദീകരിച്ചത്. ലക്ഷക്കണക്കിന് ക്രിക്കറ്റ് ആരാധകര്‍ തിങ്ങിനിറഞ്ഞ തിരക്കിനിടയില്‍ നിന്നും തനിക്ക് ഒരു മൊബൈല്‍ കിട്ടിയെന്നും അതിന്റെ പിന്നില്‍ ഒരു കുടുംബത്തിന്റെ ചിത്രമുണ്ടെന്നും യുവാവ് പോസ്റ്റില്‍ പറഞ്ഞു.
ഫോണ്‍ ലോക്ക് ആയതുകൊണ്ട് തനിക്കിത് ഉപയോഗിക്കാനോ ആരെയെങ്കിലും വിളിക്കാനോ സാധിക്കുന്നില്ലെന്നും ഒരുപക്ഷെ ഫോണ്‍ നഷ്ടമായ ഉടമ ഫോണ്‍ ബ്ലോക്ക് ചെയ്തതിനാല്‍ തനിക്ക് നെറ്റ്വര്‍ക്ക് ലഭിക്കുന്നില്ലെന്നും യുവാവ് പറഞ്ഞു. പോലീസിനെ ഏല്‍പ്പിച്ചാല്‍ ഉടമയെ കണ്ടെത്താന്‍ ഏറെ വൈകിയേക്കാം എന്നും, എത്രയും വേഗം മൊബൈല്‍ തിരികെ ഏല്‍പ്പിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും പോസ്റ്റില്‍ യുവാവ് പറഞ്ഞു. കളഞ്ഞു കിട്ടിയ ഫോണിലേക്ക് ഫോണിന്റെ ഉടമ ഇന്നലെ വിളിച്ചിരുന്നുവെന്നും എന്നാല്‍ ആളുകളുടെ ബഹളത്തിനിടയില്‍ തനിക്കത് എടുക്കാന്‍ കഴിഞ്ഞില്ലെന്നും യുവാവ് പറയുന്നു.
റെഡ്ഡിറ്റില്‍ വൈറലായ പോസ്റ്റില്‍ യുവാവിന്റെ മനോഭാവത്തെ പ്രശംസിച്ചും ഉടമയെ കണ്ടെത്താനുള്ള വഴികള്‍ ഉപദേശിച്ചും പലരും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. ഫോണ്‍ ചാര്‍ജ് ചെയ്ത് നിങ്ങള്‍ തന്നെ കൊണ്ട് നടക്കൂ എന്നായിരുന്നു ഒരാളുടെ പ്രതികരണം. ട്രൂകോളര്‍ ഉപയോഗിച്ച് ഉടമയെ കണ്ടെത്താന്‍ സാധിക്കുമെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. ഫോണിലെ സിം ഊരി നിങ്ങളുടെ ഫോണില്‍ ഇട്ട ശേഷം അതില്‍ ബന്ധുക്കളെന്ന് തോന്നുന്ന ആരെയെങ്കിലും ബന്ധപ്പെടാനായിരുന്നു മറ്റൊരാള്‍ പറഞ്ഞത്. നിങ്ങളെ പോലെ സ്വഭാവ ഗുണമുള്ള ഒരാളെ വളര്ത്തിയതിയതിലൂടെ നിങ്ങളുടെ അച്ഛനും അമ്മയും വലിയ ഒരു കാര്യം ചെയ്തിരിക്കുന്നതായി മറ്റൊരാള്‍ പറഞ്ഞു.
പിന്നാലെ ഫോണ്‍ തിരികെ നല്‍കിയതായി അറിയിച്ചു കൊണ്ട് യുവാവ് മറ്റൊരു പോസ്റ്റും പങ്കുവെച്ചു. സിം ഊരി തന്റെ ഫോണില്‍ ഇടുകയും ട്രൂകോളര്‍ ഉപയോഗിച്ച് അതില്‍ നിന്നും ഉടമയുടെ മെയില്‍ ഐഡി കണ്ടെത്തി ഫോണ്‍ തന്റെ പക്കലുള്ള വിവരം ഉടമയെ താന്‍ അറിയിച്ചുവെന്നും ഫോണ്‍ കൈമാറിയെന്നും യുവാവ് പോസ്റ്റില്‍ വ്യക്തമാക്കി.






