
കോഴിക്കോട്: പിഎസ്സി കോഴ വിവാദത്തില്‍ പ്രതികരിച്ച് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്. പ്രമോദ് കോട്ടൂളിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് പി മോഹനന് പറഞ്ഞു. എല്ലാം മാധ്യമ സൃഷ്ടിയാണെന്നും മന്ത്രി മുഹമ്മദ് റിയാസിനെ വേട്ടയാടാന്‍ തുടങ്ങിയിട്ട് ഒരുപാട് കാലമായെന്നും അദ്ദേഹം പറഞ്ഞു.
നിർണായക തീരുമാനത്തിനായി അവൈലബിള്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേരുമെന്നും പി മോഹനന് അറിയിച്ചു. നടപടി സംബന്ധിച്ച് സെക്രട്ടറിയേറ്റ് ഇന്ന് ചർച്ചചെയ്തേക്കും. ഏരിയ കമ്മിറ്റിയിൽ തീരുമാനം റിപ്പോർട്ട് ചെയ്യും . പ്രമോദ് കോട്ടൂളിക്കെതിരെ നടപടിയുണ്ടാകുമെന്ന വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിനിടെ പിഎസ്സി കോഴ പരാതിക്കാരിൽ നിന്ന് പോലീസ് വിവരങ്ങൾ ശേഖരിച്ചു. പ്രാഥമിക അന്വേഷണത്തിന്റെ് ഭാഗമായാണ് വിവരം ശേഖരിച്ചത്. കേസെടുക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.
അതേസമയം പി എസ് സി കോഴ ആരോപണത്തില്‍ പ്രതികരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍. ഭരണഘടന വഴി സ്ഥാപിതമായ തത്വങ്ങളില്‍ നിയമനം നടത്തേണ്ട പിഎസ് സി അംഗത്വം സിപിഐഎം തൂക്കി വില്‍ക്കുകയാണെന്ന് വിമര്‍ശിച്ച് കെ പ്രവീണ്‍ കുമാര്‍. വിഷയം പാര്‍ട്ടിയുടെ അച്ചടക്ക നടപടിയിലൊതുക്കാന് സമ്മതിക്കില്ലെന്നും ഡിസിസി പ്രസിഡന്റ് പ്രതികരിച്ചു. വിഷയത്തില്‍ സ്വതന്ത്രമായ അന്വേഷണം നടത്തണം, മുഖ്യമന്ത്രി പിണറായി വിജയന് ആഭ്യന്തര മന്ത്രിയായി നില്ക്കുന്ന കേരളത്തില്‍ ഒരു നിക്ഷ്പക്ഷ അന്വേഷണം പ്രതീക്ഷിക്കാനാവില്ലെന്ന് കെ പ്രവീണ്‍കുമാര്‍ പറഞ്ഞു.
മന്ത്രി മുഹമ്മദ് റിയാസ് വഴി പിഎസ്സി അംഗത്വം ശരിയാക്കാമെന്ന് സിപിഐഎം ഏരിയാ തലത്തിൽ പ്രവർത്തിക്കുന്ന യുവ നേതാവ് വാഗ്ദാനം നൽകിയെന്ന പരാതിയാണ് ഉയർന്നു വന്നിരിക്കുന്നത്. 60 ലക്ഷം രൂപയാണ് ഇയാൾ ആവശ്യപ്പെട്ടതെന്നും ആദ്യ ഘഡുവായി 22 ലക്ഷം രൂപ കൈപ്പറ്റിയെന്നും പരാതിയിൽ പറയുന്നു. സിപിഐഎം പിഎസ്സി അംഗങ്ങളെ തീരുമാനിച്ചപ്പോൾ പണം നൽകിയ ആളുടെ പേര് ഉണ്ടായിരുന്നില്ല. ഇതോടെ ആയുഷ് വകുപ്പിൽ സ്ഥാനം വാഗ്ദാനം ചെയ്ത് ഇദ്ദേഹത്തെ അനുനയിപ്പിച്ച് നിർത്തി. എന്നാൽ ഇതും നടക്കാതെ വന്നതോടെയാണ് തട്ടിപ്പിനിരയായ ആൾ പാർട്ടിക്ക് പരാതി നൽകിയത്.






