
കൊച്ചി : ഫോര്‍ട്ടുകൊച്ചിയില്‍ മത്സ്യത്തൊഴിലാളിക്കു കടലില്‍വച്ചു വെടിയേറ്റ സംഭവത്തില്‍ വെടിവയ്പു നടത്തിയ നാവികസേനാംഗങ്ങളെ കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കി. ഫയറിങ് പരിശീലന മുന്നറിയിപ്പു നല്‍കാനും ആളുകളെ മാറ്റാനും ചുമതലപ്പെടുത്തിയിരുന്ന രണ്ടു സെന്ട്രികളാണു കേസിലെ പ്രതികള്‍. കുറ്റപത്രം വൈകാതെ കോടതിയില്‍ സമര്‍പ്പിക്കും.
കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയല്ല നേവിക്കാര് വെടിവച്ചതെന്നാണു കോസ്റ്റല്‍ പോലീസ് കണ്ടെത്തല്‍. ഡ്യൂട്ടിയുടെ ഭാഗമായാണു വെടിവയ്പു പരിശീലനം നടത്തിയത്. അതിനാല്‍, നാവികരെ പ്രതിയാക്കേണ്ടതില്ലെന്നും തിരുമാനിക്കുകയായിരുന്നു. ഫോര്‍ട്ട്കൊച്ചി നേവി ക്വാര്‍ട്ടേഴ്സിനു സമീപം ദ്രോണാചാര്യ പരിശീലന കേന്ദ്രത്തിലായിരുന്നു സംഭവം. അവിടെ ഫയറിങ് പരിശീലനം നടത്തിയ നാവികസേനാംഗങ്ങള്‍ ആരും കേസില്‍ പ്രതികളല്ല. ആരാണു വെടിവച്ചതെന്നു തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.
ഏതു തോക്കില്‍ നിന്നുള്ള വെടിയേറ്റാണു പരുക്കേറ്റതെന്നും ഫോറന്‍സിക് പരിശോധനയില്‍ തിരിച്ചറിയാനായില്ല. തോക്കുകളും തിരകളും ഫോറന്‍സിക് പരിശോധനയ്ക്കയച്ചിരുന്നു. ഫോറന്‍സിക് പരിശോധനാ ഫലം ലഭിക്കാന്‍ വൈകിയതാണു കുറ്റപത്രം വൈകാന്‍ കാരണം. 2022 സെപ്റ്റംബര്‍ ആറിനായിരുന്നു കോസിനാസ്പദമായ സംഭവം. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റിയനാണു വെടിയേറ്റത്.
മീന്‍പിടുത്തം കഴിഞ്ഞ് ബോട്ടില്‍ മടങ്ങുന്നതിനിടെയായിരുന്നു വെടിയേറ്റത്. ബോട്ടില്‍ നിന്നു വെടിയുണ്ട കണ്ടെത്തിയിരുന്നു. വെടിയുണ്ട ഏതു തോക്കില്‍ നിന്നാണെന്ന് അറിയാനാണു ഫോറന്‍സിക് പരിശോധന നടത്തിയത്. നേവിയാണു വെടിവെച്ചതെന്ന ആരോപണവുമായി മത്സ്യത്തൊഴിലാളികള്‍ രംഗത്തെത്തി. എന്നാല്‍ ഇക്കാര്യം നേവി നിഷേധിച്ചതോടെ ബാലിസ്റ്റിക് വിദഗ്ധരുടെ സഹായത്തോടെ തീരദേശ പോലീസ് അന്വേഷണം തുടങ്ങുകയായിരുന്നു. എന്നാല്‍, ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തതയില്ലാതെ വന്നതോടെയാണു റെഡ് സിഗ്നല്‍ നല്കാന് ചുമതലപ്പെടുത്തിയിരുന്ന സെന്‍ട്രികളെ മാത്രം പ്രതികളാക്കിയാല്‍ മതിയെന്നു തീരുമാനിച്ചത്.
മുന്നറിയിപ്പ് ലഭിക്കാതിരുന്നതോടെയാണു ബോട്ടുകാര് വന്നതെന്നാണു പോലീസ് കണ്ടെത്തല്‍. അന്നു ഫയറിങ് പരിശീലനം നടത്തിയ ബാച്ചിലുള്ള എല്ലാവരേയും പോലീസ് ചോദ്യംചെയ്തിരുന്നു. ഒരുമാസത്തെ പരിശീലനം പൂര്‍ത്തിയായിട്ടും കേസന്വേഷണം കാരണം വൈകിയാണ് ഉത്തരേന്ത്യയില്‍ നിന്നുള്ള നേവല്സംഘത്തിനു തിരിച്ചുപോകാനായത്. പരിശീലനം നടത്തിയ 16 തോക്കുകളും 32 തിരകളും തൊണ്ടിയായി പിടിച്ചെടുത്തു. ഒരേസമയം ബാച്ചിലെ അഞ്ചുപേര്‍ വീതം നിരയായി നിന്നാണു പരിശീലനം നടത്തിയത്.
ഇതിലാരുടെ വെടിയാണു മത്സ്യത്തൊഴിലാളിക്ക് ഏറ്റതെന്നു കൃത്യമായി കണ്ടെത്താനാകാതിരുന്നതും നേവിക്കാര്ക്കു രക്ഷയായി. സെബാസ്റ്റിയന്റെ ചെവിക്കാണു വെടിയേറ്റത്. പരുക്കു ഗുരുതരമായിരുന്നില്ല. നേവി ഉദ്യോഗസ്ഥര്‍ ഫയറിങ്ങ് പരിശീലനത്തിന് ഉപയോഗിക്കുന്ന വെടിയുണ്ടയാണു ബോട്ടില്‍ നിന്ന് കിട്ടിയത്. നേവി ഉദ്യോഗസ്ഥര്‍ അവിടെ ഫയറിങ്ങ് പരിശീലനം നടത്തിയിരുന്നതായും പോലീസ് കണ്ടെത്തി. നേവി ഉദ്യോഗസ്ഥര്‍ പരിശീലനം നടത്തുന്നുണ്ടെങ്കില്‍ ഇതു മുന്‍കൂട്ടി അറിയിക്കണമെന്നും, കര്‍ശന നടപടി സ്വീകരിക്കണമെന്നും മത്സ്യത്തൊഴിലാളി ഐക്യവേദി ആവശ്യപ്പെട്ടിരുന്നു.






