
മുംബൈ: ആഡംബരക്കാറിടിച്ച് മത്സ്യവില്‍പ്പനക്കാരി മരിച്ച കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി മിഹിര്‍ ഷായെ 16 വരെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ഒളിവിലായിരുന്ന പ്രതിയെ അപകടം നടന്ന് 72 മണിക്കൂറിനു ശേഷം കഴിഞ്ഞ ഒന്‍പതിന് മുംബൈക്കു സമീപം ഷാപൂരില്നിന്നാണ് പിടികൂടിയത്. ശിവസേന (ഷിന്‍ഡെ വിഭാഗം) നേതാവ് രാജേഷ് ഷായുടെ മകനാണ് മിഹിര്‍ ഷാ(24).
ഇയാള്‍ മദ്യപിച്ച് അമിതവേഗത്തില്‍ ഓടിച്ച ബി.എം.ഡബ്ല്യു. കാര്‍ ദമ്പതികള്‍ സഞ്ചരിച്ച കാറിലിടിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു.
അതിനിടെ, അപകടശേഷം കാര്‍ ഉപേക്ഷിച്ചു ഓട്ടോറിക്ഷയില്‍ വീട്ടിലേക്കു പോകുന്നതിനു മുമ്പ് മിഹിര്‍ ഷാ 40 തവണ തന്റെ കാമുകിയുമായി സംസാരിച്ചതായി പോലീസ് പറഞ്ഞു. അപകടശേഷം ഇയാള്‍ കാമുകിയുടെ വീട്ടിലേക്കാണു പോയത്. കാമുകിയെ ചോദ്യംചെയ്യാന്‍ കസ്റ്റഡിയിലെടുക്കും.
സംഭവശേഷം മിഹിര്‍ രൂപമാറ്റത്തിനു ശ്രമിച്ചതായി പോലീസ് പറഞ്ഞു. അപകടസമയത്തുണ്ടായിരുന്ന താടീമീശ ഇയാള്‍ ഷേവ്ചെയ്തു. അപകടമുണ്ടാക്കിയ ആഡംബരക്കാറിന്റെ നമ്പര്‍ പ്ലേറ്റിന്റെ ഒരുഭാഗം ഇളക്കിമാറ്റി ഉപേക്ഷിച്ചിരുന്നു. ഇതു കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പോലീസ് പറഞ്ഞു. രാഷ്ട്രീയ സ്വാധീനമുള്ള പ്രതിയെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു.
മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ ഉള്‍പ്പെടെ നിരീക്ഷിച്ചായിരുന്നു തെരച്ചില്‍. ഇതിനിടയില്‍ മുംബൈയില്‍നിന്ന് 65 കിലോമീറ്റര്‍ അകലെ വിരാറിലുള്ള അപ്പാര്‍ട്ട്മെന്റില്‍ പ്രതിയുണ്ടെന്നു കണ്ടെത്തുകയായിരുന്നു. മത്സ്യവില്‍പ്പനക്കാരായ പ്രദീപ് നഖ്വയും ഭാര്യ കാവേരി നഖ്വയും ഞായറാഴ്ച പുലര്‍ച്ചെ മത്സ്യം വാങ്ങിമടങ്ങുന്നതിനിടെയാണ് വര്‍ളിയില്‍ അപകടത്തില്‍പ്പെട്ടത്. ഇവരുടെ സ്കൂട്ടറില്‍ മിഹിര്‍ ഓടിച്ചിരുന്ന ബി.എം.ഡബ്ല്യു. കാര്‍ ഇടിക്കുകയായിരുന്നു. കാറിന്റെ ചക്രത്തിനടിയില്‍പ്പെട്ട കാവേരിയെ കാര്‍ ഒന്നരക്കിലോമീറ്ററോളം വലിച്ചിഴച്ചു.
ഇതിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കാവേരി മരണത്തിനു കീഴടങ്ങിയെങ്കിലും ഭര്‍ത്താവ് പ്രദീപ് പരുക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തില്‍ കുറ്റവാളികള്‍ രക്ഷപ്പെടില്ലെന്നും പോലീസ് ആരെയും സംരക്ഷിക്കില്ലെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ വ്യക്തമാക്കി. പാല്‍ഘര്‍ ജില്ലയിലെ ശിവസേനയുടെ ഉപനേതാവായിരുന്ന രാജേഷ് ഷായെ ഇന്നലെ സ്ഥാനത്തുനിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.






