
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പ്രാഥമികാന്വേഷണം ആരംഭിച്ചു. നിരവധിയാളുകളിൽ നിന്ന് നിക്ഷേപമായി പണം സ്വീകരിക്കുന്നതും ഇത് ബിസിനസ് ആവശ്യങ്ങൾക്കടക്കം ഉപയോഗിക്കുന്നതുമാണ് പരിശോധിക്കുന്നത്. എന്നാല്‍
അന്വേഷണത്തില്‍ ഇഡി ആവശ്യപ്പെട്ട രേഖകളെല്ലാം ഹാജരാക്കിയെന്ന് ബോബി ചെമ്മണ്ണൂർ മാധ്യമങ്ങളോട് പറഞ്ഞു. ഒരു മാസം മുന്‍പാണ് ഇഡി നോട്ടീസ് കിട്ടിയതെന്നും ഇതുവരെ യാതാരു വീഴ്ചകളു കണ്ടെത്തിയിട്ടില്ലെന്നും ഈ മാസം ഇത് ക്ലോസ് ചെയ്യുമെന്ന് ഇഡി അറിയിച്ചതായും ബോബി പറഞ്ഞു.
നിക്ഷേപം സ്വീകരിക്കുന്നതിലും തുടർന്ന് മറ്റ് ബിസിനസുകളിലേക്ക് വക മാറ്റുന്നതിലും കളളപ്പണ ഇടപാടുണ്ടോയെന്നാണ് അന്വേഷണ പരിധിയിൽ ഉളളത്. നിലവിൽ കേസ് എടുത്തിട്ടില്ലെന്നും പ്രാഥമിക പരിശോധനയാണ് തുടരുന്നതെന്നും ഇഡി വൃത്തങ്ങൾ അറിയിച്ചു.
ഇഡി ബോബി ചെമ്മണ്ണൂർ സ്ഥാപനങ്ങൾ വഴി നടത്തുന്ന സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുന്നത്. പ്രത്യേകിച്ച് ബോബി ചെമ്മണ്ണൂർ വലിയ പലിശ വാഗ്ദാനം ചെയ്ത് നിരവധിയാളുകളിൽ നിന്ന് ഡെപ്പോസിറ്റുകൾ സ്വീകരിക്കുന്നുണ്ടെന്നാണ് പ്രാഥമിക പരിശോധനയിൽ ഇഡി കണ്ടെത്തിയയത്. ഈ പണം വിവിധ ബിസിനസ് ആവശ്യങ്ങൾക്കായി വകമാറ്റുന്നുണ്ട്. ഇതിൽ കള്ളപ്പണ ഇടപാടുണ്ടോ എന്നാണ് ഇഡി അന്വേഷിക്കുന്നത്. ഫെമ ലംഘനം ഉണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.






