
തിരുവനന്തപുരം: റെയില്‍വേ സ്റ്റേഷനു സമീപത്തെ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ ശുചീകരണ തൊഴിലാളിക്കായുള്ള രക്ഷാപ്രവര്‍ത്തനം മൂന്നാം ദിനത്തിലേക്കു കടക്കുന്നു. രണ്ടുദിനം പിന്നിട്ടിട്ടും കോര്‍പ്പറേഷന്റെ താല്‍ക്കാലിക ജീവനക്കാരനായ മാരായിമുട്ടം സ്വദേശി ജോയി(42)യെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തെരച്ചിലിനായി നാവികസേനയെ രംഗത്തിറക്കാനാണു തീരുമാനം. കൊച്ചിയില്‍ നിന്നുള്ള നാവികസേന സംഘം ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നു.
പോലീസും ഫയര്‍ഫോഴ്സും സ്കൂബ ഡൈവിങ് ടീമും എന്‍.ഡി.ആര്.എഫ്. സംഘവും തെരച്ചില്‍ നടത്തിയെങ്കിലും ജോയിയെ കണ്ടെത്താനായില്ല. ശനിയാഴ്ച രാവിലെ തുടങ്ങിയ രക്ഷാദൗത്യം രാത്രി ഒന്നരയ്ക്കാണു നിര്‍ത്തിവച്ചത്. ഇന്നലെ രാവിലെ ആറു മണിയോടെ പുനരാരംഭിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് ഇന്നലെ തെരച്ചില്‍ നടത്തിയത്. മുങ്ങല്‍ വിദഗ്ധര്‍ അടക്കമുള്ള 30 അംഗ എന്‍.ഡി.ആര്.എഫ്. സംഘമാണ് രക്ഷാദൗത്യത്തില്‍ പങ്കെടുക്കുന്നത്. തെരച്ചിലിനായി റോബോട്ടിക് സംവിധാനവും ഉപയോഗിക്കുന്നുണ്ട്. ടണലില്‍ ചെളിയും മാലിന്യവും കുന്നുകൂടി കിടക്കുന്നതിനായല് ഇത് നീക്കംചെയ്ത ശേഷമാകും തെരച്ചില്‍ തുടരുകയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
റോബോട്ടിക് സംവിധാനത്തിന്റെയും ഫയര്‍ഫോഴ്സിന്റെയും സഹായത്തോടെയാകും മാലിന്യം നീക്കംചെയ്യുക. ഫയര്‍ഫോഴ്സിന്റെ 12 അംഗ സ്കൂബ സംഘവം ഒപ്പമുണ്ട്. ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജ് സ്ഥലത്തെത്തി പ്രവര്‍ത്തനങ്ങള്‍ ഏകാപിപ്പിക്കുന്നുണ്ട്. റോബോട്ടിന്റെ സഹായത്തോടെ വെള്ളത്തിനടിയിലും പരിശോധന നടത്തി. നൂറോളം രക്ഷാപ്രവര്‍ത്തകരാണു ദൗത്യത്തില്‍ പങ്കാളികളാകുന്നത്. മാലിന്യം നീക്കം ചെയ്ത ശേഷമായിരിക്കും ടണലിനുള്ളില്‍ തിരച്ചില്‍ നടത്തുക. ടണലില്‍ ചെളിയും മാലിന്യവും കുന്നുകൂടിക്കിടക്കുകയാണെന്ന് എന്‍.ഡി.ആര്.എഫ്. പറഞ്ഞു. ഏഴ് മണിക്കൂറോളം ജെസിബി ഉപയോഗിച്ച് തോട്ടിലെ മാലിന്യം നീക്കിയശേഷമാണ് മുങ്ങല്‍ വിദഗ്ധര്‍ക്ക് തോട്ടിലൂടെ മുന്നോട്ടുപോകാനായത്.
അതേസമയം, ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യപ്രശ്നത്തില്‍ കോര്‍പ്പറേഷനും റെയില്‍വേയും തമ്മിലുള്ള തര്‍ക്കം മുറുകുന്നു. തോട് വൃത്തിയാക്കുന്നതില്‍ റെയില്‍വേയുടെ ഭാഗത്തു അലംഭാവമുണ്ടായെന്ന മേയര്‍ ആര്യാ രാജേന്ദ്രന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി റെയില്‍വേ എഡിആര്‍എം: എം.ആര്. വിജി. റെയില്‍വേയുടെ ഭാഗത്ത് നിന്ന് വേണ്ട സഹായമെല്ലാം ചെയ്ത് നല്‍കിയിട്ടുണ്ടെന്ന് വിജി പറഞ്ഞു.
ഉറവിടത്തില്‍ നിന്നുള്ള മാലിന്യം നീക്കം ചെയ്യേണ്ട ഉത്തരവാദിത്തം റെയില്‍വേയ്ക്കില്ല. അതു കോര്‍പ്പറേഷന്റെ പരിധിയിലാണു വരുന്നത്. നഗരസഭയുടെ ഭാഗത്ത് നിന്നാണ് മാലിന്യം മുഴുവന്‍ ഒഴുകിയെത്തുന്നത്. മാലിന്യനീക്കത്തിന് അനുവാദം ചോദിച്ചിട്ട് കൊടുത്തിട്ടില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പറയുന്നത് തെറ്റാണ്. അവര്‍ അനുവാദം ചോദിക്കുമ്പോഴെല്ലാം അനുമതി നല്‍കിയിട്ടുണ്ട്. അനുവാദം ചോദിച്ചിട്ടും നല്‍കിയില്ലെന്ന മേയര്‍ ആര്യാ രാജേന്ദ്രന്റെ വാദം പച്ചക്കള്ളമാണ്. ഭാവിയിലും ടണല്‍ വൃത്തിയാക്കാന്‍ കോര്പറേഷന് ഒരു തടസവും ഉണ്ടാകില്ല.'- റെയില്‍വേ അറിയിച്ചു.






